Site iconSite icon Janayugom Online

വയനാടിനുള്ള സഹായം:കേന്ദ്രം കേരളത്തെ പിന്നില്‍ നിന്നും കുത്തിയതായി മന്ത്രി എം ബി രാജേഷ്

വയനാടിനുള്ള കേന്ദ്രസഹായം കേന്ദ്രം നിഷേധിച്ചതില്‍ സംസ്ഥാനം പൊറുക്കില്ലെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി.വയനാട് ഉപതെരഞ്ഞെടുപ്പ് കഴിയാനാണ് കേന്ദ്രം ഇതുവരെ കാത്തിരുന്നത്. പാലക്കാട്ടെ ജനത ബിജെപിക്ക് തിരിച്ചടി നല്‍കുമെന്നും എം ബി രാജേഷ് പറഞ്ഞു.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ദേശീയ ദുരന്തമായി അംഗീകരിക്കാനാവില്ലെന്നും മാനദണ്ഡങ്ങള്‍ അനുവദിക്കില്ലെന്നും കേരളത്തിന് കേന്ദ്രം രേഖാമൂലം മറുപടി നല്‍കുകയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ മതിയായ മിച്ചമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര അവഗണന വ്യക്തമാകുന്നത്. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും ഇതിന് മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് മറുപടി.

ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെ വയനാട്ടില്‍ കേന്ദ്രസമിതി നേരിട്ടെത്തി സന്ദര്‍ശിക്കുകയും റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തതായും ആഭ്യന്തരമന്ത്രാലയം സമ്മതിക്കുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുത്തിട്ടുണ്ടെന്ന് ആഭ്യന്തരസഹമന്ത്രി കത്തില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്ത് നടപടിയാണെന്നോ ധനസഹായം സംബന്ധിച്ചോ വ്യക്തതയില്ല.മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഔപചാരിക നിവേദനം ലഭിക്കാതെ തന്നെ കേന്ദ്രസംഘത്തെ അയച്ചുവെന്ന വിചിത്രമായ അവകാശവാദവും കേന്ദ്രമന്ത്രി ഉന്നയിച്ചിട്ടുണ്ട്. വര്‍ഷം തോറും സംസ്ഥാന ദുരന്ത നിവാരണ സേനയ്ക്ക് നല്‍കുന്ന കേന്ദ്രവിഹിതം വീണ്ടും മറുപടി കത്തില്‍ ആവര്‍ത്തിക്കുകയാണ് കേന്ദ്രം.2024–25 ലേക്കുളള എസ്ഡിആര്‍എഫ് ഫണ്ടിലേക്ക് 388 കോടി അനുവദിച്ചുവെന്നാണ് അവകാശവാദം. എന്നാല്‍ ഇതില്‍ 20 ശതമാനവും സംസ്ഥാന വിഹിതമാണ്. വയനാടിന് കൈത്താങ്ങായി 2400 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് കേരളം പലതവണ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നേരില്‍കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.നഷ്ടപരിഹാരം തിട്ടപ്പെടുത്തി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പ്രധാനമന്ത്രി മോഡി വയനാട്ടില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ചെയ്തു. എന്നിട്ടും മൂന്ന് മാസം മുമ്പ് നടന്ന വലിയ ദുരന്തത്തില്‍ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല.ആന്ധ്ര, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങീ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ധനസഹായം വാരിക്കോരി നല്‍കുമ്പോഴാണ്, നാനൂറിലധികം പേര്‍ മരിച്ച വലിയ ദുരന്തത്തെ രാഷ്ട്രീയത്തിന്റെ പേരില്‍ മോഡി സര്‍ക്കാര്‍ അവഗണിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ മതിയായ മിച്ചമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിരുത്തരവാദിത്വപരമായ മറുപടി.

Exit mobile version