Site iconSite icon Janayugom Online

എഐഡിആര്‍എം സംസ്ഥാന സമ്മേളനം തുടങ്ങി; ബിജെപിയുടെ വഴികാട്ടികൾ മുസോളിനിയും ഹിറ്റ്‌ലറും: ബിനോയ് വിശ്വം

ഭരണഘടന ഉൾപ്പെടെ ജനാധിപത്യവും സോഷ്യലിസവുമെല്ലാം വൈദേശിക സ്വാധീനമുള്ളതിനാൽ സ്വീകരിക്കാൻ മടിക്കുന്ന ബിജെപിക്ക് വഴികാട്ടിയാകുന്നത് മുസോളിനിയെയും ഹിറ്റ്ലറെയും പോലെയുള്ള വൈദേശിക ഫാസിസ്റ്റുകളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അഖിലേന്ത്യ ദളിത് അവകാശ സമിതി (എഐഡിആര്‍എം) യുടെ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം പി കെ ചാത്തൻ മാസ്റ്റർ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ അല്ലാത്തതിനാൽ അവർ പലതും മാറ്റിമറിയ്ക്കാൻ ശ്രമിക്കുകയും നുണകൾ ചാഞ്ചല്യമില്ലാതെ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുകയുമാണ്. അമിത് ഷായെ പോലുള്ളവർ അംബേദ്കറെ കുറിച്ച് പരസ്യമായി പുകഴ്ത്തുകയും ഉള്ളിലുള്ളത് ചില അവസരങ്ങളിൽ അറിയാതെ പുറത്തു വരികയും ചെയ്യുന്നു. അസത്യങ്ങൾ നിരന്തരം ഉറപ്പിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന,ആടിനെ പട്ടിയാക്കൽ ആണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നത്. ഇതാണ് ഫാസിസ്റ്റ് പ്രചാരവേലയുടെ അടിസ്ഥാന പ്രമാണം. ലോകത്തെല്ലായിടത്തും ഫാസിസ്റ്റുകൾ അനുവർത്തിച്ചത് ഇതേ രീതിയായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. 

ചാതുർവർണ്യത്തിലധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥയാണ് ബിജെപിയും ആർഎസ്എസും ലക്ഷ്യമിടുന്നത്. ഭരണഘടന പൊളിച്ചെഴുതി മനുസ്മൃതി അടിസ്ഥാനമാക്കി മറ്റൊന്ന് കൊണ്ടുവരണമെന്നതാണ് അവരുടെ ആഗ്രഹം. അതുകൊണ്ടാണ് ഭരണഘടനയിൽ ഇന്ത്യനായി ഒന്നുമില്ലെന്നും എല്ലാം വൈദേശികമാണെന്നുമുള്ള മുറവിളി ഉയർത്തുന്നത്. അവർക്ക് ദളിതരോടും ന്യൂനപക്ഷത്തോടും സ്ത്രീകളോടുമെല്ലാം വെറുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐഡിആർഎം സംസ്ഥാന പ്രസിഡന്റ് അഡ്വ. എൻ രാജൻ പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ബി ഇടമന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് തുടങ്ങിയവര്‍ സംസാരിച്ചു. 

Exit mobile version