ഡല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) സെര്‍വര്‍ ഹാക്ക് ചെയ്തവര്‍ 200 കോടി രൂപയുടെ ക്രിപ്‌റ്റോകറൻസി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ആശുപത്രിയില്‍ നിന്ന് മൂന്ന് മുതല്‍ നാല് കോടി രോഗികളുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 200 കോടി രൂപ ക്രിപ്‌റ്റോകറൻസിയാണ് ഹാക്കർമാർ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട്. ഇന്ത്യ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം , ഡൽഹി പൊലീസും ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും ചേര്‍ന്നാണ് സൈബര്‍ ഹാക്കിങ് അന്വേഷിക്കുന്നത്. മുൻ പ്രധാനമന്ത്രിമാർ, മന്ത്രിമാർ, ബ്യൂറോക്രാറ്റുകൾ, ജഡ്ജിമാർ തുടങ്ങി നിരവധി പ്രമുഖകരുടെ വിവരങ്ങൾ എയിംസ് സെർവറിൽ സൂക്ഷിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രിയിലെ കമ്പ്യൂട്ടറുകളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിര്‍ത്തലാക്കിയിരിക്കുകയാണ്.
എമർജൻസി, ഔട്ട്‌പേഷ്യന്റ്, ഇൻപേഷ്യന്റ്, ലബോറട്ടറി വിഭാഗങ്ങളിലെ പേഷ്യന്റ് കെയർ സേവനങ്ങൾ ആശുപത്രി അധികൃതര്‍ സ്വമേധയ കൈകാര്യം ചെയ്യുകയാണ്. അതേസമയം കമ്പ്യൂട്ടറുകള്‍ സ്കാന്‍ ചെയ്തു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡാറ്റാബേസുകൾക്കും ആപ്ലിക്കേഷനുകൾക്കുമായി നിലവില്‍ നാല് ഫിസിക്കൽ സെർവറുകൾ സ്കാൻ ചെയ്തു. സെർവറുകൾക്കും കമ്പ്യൂട്ടറുകൾക്കുമായി ആന്റിവൈറസ് സൊല്യൂഷനുകൾ സംഘടിപ്പിച്ചു. നെറ്റ്‌വർക്ക് സാനിറ്റൈസേഷന്‍ ശേഷം അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഇ‑ഹോസ്പിറ്റൽ സേവനങ്ങൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം തുടർച്ചയായ ആറാം ദിവസവും സെര്‍വര്‍ പ്രവര്‍ത്തനരഹിമാണ്.
English Summary:AIIMS server stopped working; Hackers demanding crores
You may also like this video