Site iconSite icon Janayugom Online

കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം; പി പി ചിത്തരഞ്ജൻ എംഎൽഎ

 

ആലപ്പുഴ: കായിക മേഖലയുടെ സമഗ്ര വികസനമാണ് പിണറായി സർക്കാർ ലക്ഷ്യംവെക്കുന്നതെന്ന് പി പി ചിത്തരഞ്ജൻ എം എൽ എ പറഞ്ഞു. ഫോർവേർഡ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബീച്ച് ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം വീതം സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ആലപ്പുഴ മണ്ഡലത്തിലെ കണിച്ചുകുളങ്ങര, ആര്യാട് എന്നിവിടങ്ങളിൽ 5 കോടി രൂപ വീതം ചിലവഴിച്ച് സ്റ്റേഡിയം നിർമ്മിക്കാൻ ഇതിനൊടകം തീരുമാനമായിട്ടുണ്ട്. ഇ എം എസ് സ്റ്റേഡിയത്തിന്റെ aടെൻഡർ നടപടികൾ കഴിഞ്ഞു. മണ്ഡലത്തിൽ സ്ഥലം ലഭ്യമാകുന്നിടത്തെല്ലാം ചെറിയ കളിക്കളങ്ങൾ നിർമ്മിക്കുന്നതു സംബന്ധിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിനായി എം എൽ എ ഫണ്ട് ഉപയോഗിക്കും. തുമ്പോളി സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തിയതായും പി പി ചിത്തരഞ്ജൻ പറഞ്ഞു.

പ്രവാസി വ്യാവസായിയും, ആലപ്പുഴ സ്വദേശികളുമായ റോയി പി തീയോച്ചൻ, ഹാരിസ് രാജ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂർണ്ണമെന്റിന്റെ സമ്മാനദാന ചടങ്ങിൽ ഫോർവേർഡ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് സന്തോഷ് കാട്ടുങ്കൽ അധ്യക്ഷത വഹിച്ചു.കൗൺസിലർ പി റഹിയാനത്ത്, ജോണി മുക്കം, ക്ലബ് സെക്രട്ടറി റിയാസ് മലബാർ, റ്റി ബി റമീസ് തുടങ്ങിയവർ സംസാരിച്ചു. ബേബിച്ചൻ, മനു, ജെബിൻ, പ്രവിച്ചൻ, ജേക്കബ്, സിനിയപ്പൻ, അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ എട്ട് ദിവസക്കാലമായി ബീച്ചിൽ നടന്നുവന്ന ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരത്തിൽ കോബ്രാസ് ഇലവനെ 12 റൺസിന് പരാജയപ്പെടുത്തി ആലപ്പുഴ കൊമ്പൻസ് ഇലവൻ ജേതാക്കളായി.

Exit mobile version