ജയ്പൂർ‑ഡൽഹി എക്‌സ്‌പ്രസ്‌വേയിൽ അമിതവേഗതയിലെത്തിയ സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ ഇടിച്ച് വ്യോമസേനയിൽ ചേരാൻ തയ്യാറെടുക്കുകയായിരുന്ന 18കാരി കൊല്ലപ്പെട്ടു. ജുൻജുനു ജില്ലയിലെ ഗുധ ഗൗഡ്ജി സ്വദേശിയായ അനയ ശർമ്മയാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ശാന്തി ബാഗ് ഹനുമാൻ ക്ഷേത്രത്തിന് സമീപം റോഡിലൂടെ ഓടിക്കൊണ്ടിരുന്ന അനയയെ പിന്നിൽ നിന്നെത്തിയ കറുത്ത താർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എയർഫോഴ്സ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള ശാരീരികക്ഷമതാ പരീക്ഷയ്ക്കായി സുഹൃത്തിനൊപ്പം പരിശീലന ഓട്ടം നടത്തുന്നതിനിടെയാണ് അപകടം. എഴുത്തുപരീക്ഷയിൽ വിജയിച്ച അനയ, ജനുവരി 31ന് ജോധ്പൂരിൽ നടക്കാനിരുന്ന കായിക പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.
അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം മറ്റൊരു കാറിലും ഇടിച്ചു. തുടർന്ന് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അനയയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് വാഹനം പിടിച്ചെടുക്കുകയും ഒളിവിൽ പോയ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

