Site iconSite icon Janayugom Online

ഇരുതലമൂരിയുമായി എയർഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയിൽ

ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ അറസ്റ്റിൽ. ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു. എയർഫോഴ്സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ്‌ പിടിയിലായത്‌. തമിഴ്‌നാട്‌ സ്വദേശിയിൽ നിന്ന്‌ വാങ്ങിയ ഇരുതലമൂരി മറ്റൊരാൾക്ക്‌ വിൽക്കുന്നതിനായി ഇവർ ഏഴു ലക്ഷം രൂപ വില പറഞ്ഞ് ഉറപ്പിച്ചിരുന്നു. ഇതേക്കുറിച്ച്‌ രഹസ്യവിവരം ലഭിച്ച ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥർ അഭിലാഷിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. കൂടുതൽ പണം വാഗ്‌ദാനം ചെയാതപ്പോൾ അഭിലാഷ് സമ്മതിക്കുകയായിരുന്നു. തുടർന്ന്‌ ഇരുതലമൂരിയെ വിൽക്കാനായി ആലപ്പുഴയിൽ എത്തിയ ഇവരെ കരിക്കുളം ഫോറസ്‌റ്റ്‌ സ്‌റ്റേഷൻ ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം റാന്നി ഫ്ലൈയിങ്‌ സ്ക്വാഡുമായി ചേർന്ന് പിടികൂടുകയായിരുന്നു. 

മൂന്ന്‌ കിലോ ഭാരവും 135 സെന്റീമീറ്റർ നീളവുമുള്ളതുമാണ്‌ ഇരുതലമൂരി. അഭിലാഷിന് വന്യജീവി കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ റാന്നി റെയ്‌ഞ്ച് ഫോറസ്‌റ്റ്‌ ഓഫീസർ ബി ആർ ജയൻ പറഞ്ഞു. ഹരികൃഷ്‌ണൻ ഇയാളുടെ സഹായിയാണ്‌. കോടതി ഇരുവരെയും റിമാൻഡ്‌ ചെയ്‌തു.

Exit mobile version