Site iconSite icon Janayugom Online

എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറി: മലയാളി അറസ്റ്റില്‍

വിമാനത്തില്‍ വച്ച് മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി ടെക്കി അറസ്റ്റില്‍. ദുബായില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തില്‍ വച്ച് കഴിഞ്ഞ 28 നായിരുന്നു സംഭവം. ഇയാള്‍ വിമാനത്തിലെ ജീവനക്കാര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ എഴുതിയ കുറിപ്പ് വിമാനത്തില്‍ ഉപേക്ഷിക്കുകയും ചെയ്തതായും കണ്ടെത്തി.
വിമാന യാത്രയ്ക്കിടെ സേവനങ്ങള്‍ നല്‍കുമ്പോള്‍ ഇയാള്‍ മോശമായി സ്പര്‍ശിച്ചുവെന്നാണ് ജീവനക്കാരിയുടെ പരാതി. യാത്രക്കാരന്റെ വ്യക്തിവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

30 വയസ് പ്രായമുള്ള ഇയാള്‍ മദ്യലഹരിയിലായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം എയര്‍ഹോസ്റ്റസ് യാത്രക്കാരന്റെ മോശം പെരുമാറ്റം സംബന്ധിച്ച് ക്യാപ്റ്റനെയും ഗ്രൗണ്ട് സ്റ്റാഫിനെയും വിവരം അറിയിച്ചു. വിമാനത്തിന്റെ ലാന്‍ഡിങ്ങിനു ശേഷം യാത്രക്കാരന്‍ തന്റെ പാസ്‌പോര്‍ട്ട് സീറ്റില്‍ നഷ്ടപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ പരിശോധിച്ചപ്പോള്‍, ക്രൂ അംഗങ്ങളെക്കുറിച്ച് അശ്ലീലവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തുകയും ചെയ്തു.

എയര്‍ഹോസ്റ്റസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Exit mobile version