Site iconSite icon Janayugom Online

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീ പിടിച്ചു; അടിയന്തിരമായി നിലത്തിറക്കി

എയര്‍ ഇന്ത്യാ എക്സ്പ്രസിന് തീ പിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് തീ പിടിച്ചത്. ബംഗളൂരു വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെ തീ പിടിക്കുകയായിരുന്നു. ഇതോടെ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വലതുവശത്തെ ചിറകിനടുത്തെ എന്‍ജിന് തീപിടിക്കുകയായിരുന്നു. വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം തന്നെ അപകടം ശ്രദ്ധയിൽപ്പെട്ടതായി എയര്‍ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളറെ അറിയിക്കുകയും വിമാനത്താവളത്തില്‍ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌തു. പറന്നുയര്‍ന്ന് 10 മിനിട്ടിനകം വിമാനം അടിയന്തിരമായി നിലത്തിറക്കി തീയണച്ചു. 

ശനിയാഴ്ച രാത്രി 9.45 ന് പോകേണ്ട വിമാനം 11 മണിക്കാണ് ടേക്ക് ഓഫ് ചെയ്തത്. അതേസമയം വിമാനത്തിലെ മുഴുവൻ യാത്രക്കാർക്കും നാട്ടിലേക്ക് തിരികെ വരാൻ ബോർഡിങ് പാസ് നൽകാത്തതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ വന്‍ പ്രതിഷേധമുണ്ടായി. 120 പേർക്ക് മാത്രമാണ് ആദ്യം ബോർഡിങ് പാസ് നൽകിയത്. മറ്റ് യാത്രക്കാരെ അടുത്ത സർവീസിൽ നാട്ടിലേക്ക് അയക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഇതാണ് പ്രതിഷേധത്തിന് വഴിവച്ചത്. ഒരു കുടുംബത്തിലുള്ളവര്‍ക്ക് ഉള്‍പ്പെടെ പല വിമാനങ്ങളിലാണ് എയര്‍ ഇന്ത്യ പകരം യാത്രാ സൗകര്യമൊരുക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കൊച്ചിയിലെത്തിച്ചു.

എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സാങ്കേതിക തകരാറുകള്‍ പതിവ് സംഭവമായി മാറിയിട്ടുണ്ട്. ശനിയാഴ്ചതന്നെ 137 യാത്രക്കാരുമായി ബംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ അടിയന്തരമായി നിലത്തിറക്കിയിരുന്നു. വെള്ളിയാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ 175 യാത്രക്കാരുമായി എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച പൂനെ വിമാനത്താവളത്തില്‍ ഡല്‍ഹിയിലേക്കുള്ള വിമാനം ടഗ് ട്രക്കില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്യുന്നത് മാറ്റേണ്ടിവന്നിരുന്നു.

Eng­lish Summary:Air India Express caught fire; Land­ed immediately
You may also like this video

Exit mobile version