Site iconSite icon Janayugom Online

വായു മലിനീകരണം ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നു; എട്ട് നഗരങ്ങളില്‍ ഒരുലക്ഷം അധിക അകാലമരണങ്ങള്‍

വായു മലിനീകരണം ആയുര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം. 2005–2008 കാലഘട്ടത്തില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, ബംഗളുരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, സൂറത്ത്, പുനെ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തോളം അധിക അകാല മരണങ്ങളുണ്ടായതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവിടങ്ങളില്‍ നിന്ന് ഉപഗ്രഹ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ആഫ്രിക്ക, ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ 46 നഗരങ്ങളിലാണ് പഠനം നടത്തിയത്.

ഹാര്‍വാ‍ഡ് യൂണിവേഴ്സിറ്റി ഗവേഷകര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സയന്‍സ് അഡ്വാന്‍സെസ് എന്ന ജേണല്‍ കഴിഞ്ഞാഴ്ച പഠനം പ്രസിദ്ധീകരിച്ചിരുന്നു.

വായു മലിനീകരണം കുത്തനെ വര്‍ധിക്കുകയും നഗരമേഖലയില്‍ മരണത്തിന് വരെ കാരണമാകുന്ന ഘടകങ്ങള്‍ വായുവില്‍ കൂടുകയും ചെയ്യുന്നു. ഗതാഗതക്കുരുക്ക്, മാലിന്യം കത്തിക്കല്‍, കരിയുടെയും വിറകിന്റേയും വ്യാപക ഉപയോഗം എന്നിവയാണ് വായുവിലെ മലിനീകരണ തോത് വര്‍ധിപ്പിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷക വിദ്യാര്‍ത്ഥി വൊഹ്റ പറഞ്ഞു.

ഈ നഗരങ്ങള്‍ വായു മലിനീകരണത്തിന്റെ മറ്റൊരു യുഗത്തിലേക്ക് കടന്നതായും മറ്റ് നഗരങ്ങളില്‍ പത്ത് വര്‍ഷം കൊണ്ട് അനുഭവപ്പെടുന്ന വായു മലിനീകരണം ഇവിടങ്ങളില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായതായി വൊഹ്റ പറഞ്ഞു.

ഏറ്റവും കൂടുതല്‍ അധിക അകാല മരണങ്ങള്‍ കണ്ടെത്തിയത് ബംഗ്ലാദേശിലെ ധാക്കയിലാണ്. 24,000 പേരാണ് മരിച്ചത്. ലാഗോസിലാണ് ഏറ്റവും കുറവ്. മുംബൈ, ബംഗളുരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, സൂറത്ത്, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിലായി ഒരുലക്ഷത്തിലധികം അധിക അകാല മരണങ്ങളുണ്ടായെന്നാണ് പഠനം അവകാശപ്പെടുന്നത്.

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ അതിവേഗം വളരുന്ന നഗരങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. 2100 ല്‍ ഇവ മെഗാസിറ്റികളായി മാറിയേക്കാമെന്നും വൊഹ്റ പറഞ്ഞു. നൈട്രജന്‍ ഡൈഓക്സൈഡ്, അമോണിയ എന്നിവയുടെ അളവ് വായുവില്‍ വര്‍ധിച്ചു വരുന്നതായും ഇവ മരണത്തിലേക്ക് നയിക്കുന്നുവെന്നും പഠനത്തില്‍ അഭിപ്രായപ്പെടുന്നു.

അതേസമയം ലോകാരോഗ്യ സംഘടനയുടെ ഏറ്റവും മലിനീകരിക്കപ്പെട്ട 20 നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഡല്‍ഹി, നോയ്ഡ, ഫരീദാബാദ് എന്നിവിടങ്ങളില്‍ സംഘം പഠനം നടത്തിയിട്ടില്ല.

Eng­lish summary;Air pol­lu­tion affects longevity

You may also like this video;

Exit mobile version