Site iconSite icon Janayugom Online

വായുമലിനീകരണം പ്രമേഹത്തിന് കാരണം

മലിനവായു ശ്വസിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഇത്തരം പ്രമേഹബാധിതരില്‍ 20 ശതമാനത്തിനും വില്ലനാകുന്നത് വായുമലിനീകരണമാണെന്ന് ലാന്‍സെറ്റ് പഠനം. പര്‍ട്ടിക്കുലര്‍ മാറ്റര്‍ 2.5 എന്നറിയപ്പെടുന്ന അണുവലിപ്പം മാത്രമുള്ള മാരകമായ പൊടി സൃഷ്ടിക്കുന്ന മലിനീകരണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. 

വാഹനങ്ങള്‍, നിര്‍മ്മാണമേഖല, ഫാക്ടറികള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന മലിനീകരണവും കൃഷിയിടങ്ങളില്‍ തീയിടുമ്പോഴുണ്ടാകുന്ന മലിനീകരണവുമാണ് പര്‍ട്ടിക്കുലര്‍ മാറ്റര്‍ 2.5 ഏറ്റവും അധികം സൃഷ്ടിക്കുന്നത്. ഇവ അന്തരീക്ഷത്തിലെത്തുമ്പോള്‍ രാസപ്രവര്‍ത്തനം സംഭവിക്കുകയും മാരകമായ പുകമഞ്ഞ് രൂപപ്പെടുകയും ചെയ്യും. ഇത് ശ്വാസോച്ഛ്വാസം ആയാസകരമാക്കും. മാത്രമല്ല മാരകമായ മലിന വസ്തുക്കള്‍ ഉള്ളില്‍ കടന്ന് അത് രക്തത്തില്‍ പ്രവേശിക്കും. ശ്വാസകോശത്തിലും ഹൃദയത്തിലും തലച്ചോറിലും വരെ മലിനവസ്തുക്കള്‍ പ്രവേശിക്കുന്നതിന് കാരണമാകും. ഇതിലൂടെ ഹൃദ്രോഗം, ആസ്ത്മ, കിഡ്നി സംബന്ധിച്ച അസുഖങ്ങള്‍, കുട്ടികളില്‍ ബുദ്ധിമാന്ദ്യവും ഓട്ടിസവും വരെ ഉണ്ടാകാന്‍ കാരണമാകുന്നതായി പഠനം വ്യക്തമാക്കുന്നു. 

ലോകത്ത് ഏതാണ്ട് 53.7 കോടി പ്രമേഹരോഗികളാണുള്ളത്. ഇതില്‍ പകുതിയോളം പേര്‍ രോഗാവസ്ഥ തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം. ഇന്ത്യയില്‍ 7.7 കോടി യുവാക്കളിലാണ് ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയിട്ടുള്ളത്. 2.5 കോടി കുട്ടികളിലും പ്രമേഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. 

Eng­lish Sum­ma­ry: Air pol­lu­tion caus­es diabetes

You may also like this video

Exit mobile version