Site iconSite icon Janayugom Online

വായുമലിനീകരണം; ഇന്ത്യന്‍ പൗരന്റെ ആയുസില്‍ 5.3 വര്‍ഷം കുറയുന്നു

പ്രതിവര്‍ഷം വായു മലിനീകരണ തോതിലുണ്ടാകുന്ന വര്‍ധന മനുഷ്യായുസ് കുറയ്ക്കുന്നതായി പഠനം. രാജ്യത്തെ വായുമലിനീകരണം മൂലം ഇന്ത്യക്കാരുടെ ആയുർദൈർഘ്യം ശരാശരി 5.3 വർഷം കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. വായു മലിനീകരണ തോത് ഉയര്‍ന്നുനില്‍ക്കുന്ന ഡല്‍ഹിയില്‍ ജീവിക്കുന്നവരുടെ ആയുസിന്റെ 11.9 വര്‍ഷമാണ് നഷ്ടപ്പെടുക.

ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ക്യൂബിക് മീറ്ററിൽ അഞ്ച് മൈക്രോഗ്രാം വരെയാണ് ലോകാരോഗ്യ സംഘടന പറയുന്ന വായുമലിനീകരണത്തിന്റെ സുരക്ഷിത തോത്. അതിനേക്കാൾ പത്തിരട്ടി കൂടുതലാണ് ഇന്ത്യയിലെ വായുമലിനീകരണം. നിലവിൽ നിശ്ചയിച്ചിട്ടുള്ള ദേശീയ അന്തരീക്ഷ വായു ഗുണനിലവാര തോതായ ഒരു ക്യൂബിക് മീറ്ററിൽ 40 മൈക്രോഗ്രാം എന്ന അളവെങ്കിലും പാലിച്ചില്ലെങ്കിൽ ഇന്ത്യക്കാരുടെ ആയുർദൈർഘ്യത്തിൽ ശരാശരി 1.8 വർഷത്തെ കുറവ് സംഭവിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡൽഹിയിലെ അവസ്ഥ പരിശോധിക്കുമ്പോൾ 8.5 വർഷം വരെ നഷ്ടമാക്കും.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സൂചിക പ്രകാരം ഇന്ത്യയിലെ വായു മലിനീകരണം വളരെ മോശം അവസ്ഥയിലാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങളും താമസിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ വായുമലിനീകരണത്തിന്റെ മാനദണ്ഡങ്ങളെല്ലാം ലംഘിക്കുന്ന പ്രദേശങ്ങളിലാണ്. ആയുർദൈർഘ്യം കണക്കിലെടുക്കുമ്പോൾ, കണികാ മലിനീകരണമാണ് ഇന്ത്യയിലെ പൗരന്മാരുടെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണി റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ, വായു മലിനീകരണം (പിഎം 2.5) മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അപകടമായ പ്രശ്നമായി തുടരുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ശരാശരി ആയുർദൈർഘ്യം 2.3 വർഷം കുറയ്ക്കുന്നു. വായുവിൽ കാണപ്പെടുന്ന ഖര‑ദ്രവ കണങ്ങളുടെ തോതാണ് പിഎം (കണികാ മലിനീകരണം) എന്ന അളവുകോൽ കൊണ്ട് അർത്ഥമാക്കുന്നത്.

ലോകത്ത് വായുമലിനീകരണം ഏറ്റവും കൂടുതലുള്ള ആദ്യ 50 നഗരങ്ങളെടുത്താൽ അതിൽ 39 എണ്ണവും ഇന്ത്യയിലാണ്. ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ഒരു ക്യൂബിക് മീറ്ററിൽ 53.3 മൈക്രോഗ്രാമാണ് ഇന്ത്യയിലെ വായുമലിനീകരണ തോത്.

Eng­lish Sum­ma­ry: “Air Pol­lu­tion Great­est Threat To Human Health”: Report
You may also like this video

Exit mobile version