ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മലിനീകരണത്തെ തുടര്‍ന്നുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്.
2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യത്തെ 20 നഗരങ്ങളില്‍ 18ലും മാരകമായ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5 (പിഎം 2.5) ല്‍ വന്‍ വര്‍ധനവ് ഉണ്ടായതായി അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഉയർന്ന ശരാശരി പിഎം 2.5 രേഖപ്പെടുത്തിയ 10 നഗരങ്ങളില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും ഉള്‍പ്പെടുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് എഫക്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (എച്ച്ഇഐ) ആണ് പഠനം നടത്തിയത്.
മലിനീകരണത്തിന് കാരണമാകുന്ന പിഎം 2.5, നൈട്രജൻ ഡയോക്സൈഡ് എന്നിവയുടെ അളവ് കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 2019ല്‍ 7,239 നഗരങ്ങളിലായി 1.7 ദശലക്ഷം മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങള്‍ ഉണ്ടായതായും ‘എയര്‍ ക്വാളിറ്റി ആന്റ് ഹെല്‍ത്ത് ഇന്‍ സിറ്റീസ്’ എന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏഷ്യ, ആഫ്രിക്ക, കിഴക്കന്‍, മധ്യ യൂറോപ് എന്നിവിടങ്ങളിലെ നഗരങ്ങളിലാണ് അന്തരീക്ഷ മലിനീകരണം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നും ഗവേഷകര്‍ കണ്ടെത്തി.
മലിനീകരണം കൂടുതലുള്ള ലോകത്തെ 20 നഗരങ്ങള്‍ ഇന്ത്യ, നൈജീരിയ, പെറു, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ്. ഇവിടെ താമസിക്കുന്ന ജനങ്ങള്‍ ആഗോള ശരാശരിയേക്കാൾ പലമടങ്ങ് മലിനീകരണത്തിന്റെ കെടുതികള്‍ നേരിടേണ്ടിവരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
അഞ്ച് നഗരങ്ങളിലെ പിഎം 2.5 മലിനീകരണം ലോകാരോഗ്യ സംഘടന നിശ്ചയിച്ചിരിക്കുന്ന ക്യുബിക് മീറ്ററിന് അഞ്ച് മൈക്രോഗ്രാം എന്ന പരിധിയെക്കാള്‍ കൂടുതലാണ്. ഈ അഞ്ചില്‍ ഇന്ത്യയിലെ നഗരങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. 2010 മുതലുള്ള കാലയളവില്‍ പിഎം 2.5ല്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായത് ഇന്ത്യയിലും ഇന്തോനേഷ്യയിലുമാണ്. ചൈന ഇക്കാര്യത്തില്‍ നേരിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.
English Summary: Air pollution is severe in Indian cities
You may like this video also