Site iconSite icon Janayugom Online

വായു മലിനീകരണം: ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

delhidelhi

വായു ഗുണനിലവാരം മോശമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം. അത്യവശ്യമില്ലാത്ത നിര്‍മ്മാണ പ്രവൃത്തികൾ നിർത്തിവയ്ക്കാനും മേഖലയില്‍ സ്റ്റേജ്-3 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും സർക്കാർ അറിയിച്ചു.
ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചികയില്‍ വലിയ മാറ്റം ഉണ്ടായതായും ഇന്നലെ വൈകുന്നേരം ഏഴുമണിക്ക് വായുനിലവാരം 432 ആയതായും എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്‍ അറിയിച്ചു. 

ഡല്‍ഹി-എൻസിആര്‍ മേഖലയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, ബിഎസ്- മൂന്ന് പെട്രോള്‍, ബിഎസ്-നാല് ഡീസല്‍ വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ചാല്‍ 20,000 രൂപയാണ് പിഴ.
ദേശീയ സുരക്ഷ അല്ലെങ്കില്‍ പ്രതിരോധം, ദേശീയ പ്രാധാന്യമുള്ള പദ്ധതികള്‍, ആരോഗ്യ സംരക്ഷണം, റെയില്‍വേ, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലുകള്‍, ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി വിതരണം, പൈപ്പ് ലൈനുകള്‍, ശുചിത്വം, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ശനിയാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.6 ഡിഗ്രി സെല്‍ഷ്യസാണ്. 16 വരെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞിനും നിലവിലുള്ള തണുത്ത കാലാവസ്ഥയ്ക്കും ശമനമുണ്ടാകാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെ അവധി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉടൻ തന്നെ അന്തിമ തീരുമാനം എടുക്കണമെന്ന് കേന്ദ്ര കമ്മിഷൻ നിര്‍ദേശം നല്‍കി.

Eng­lish Sum­ma­ry: Air pol­lu­tion: stricter restric­tions in Delhi

You may also like this video

Exit mobile version