മഴ കാണാൻ, മഴ നനയാൻ എത്തുന്ന അറേബ്യൻ നാട്ടുകാരില്ല, പ്രതിസന്ധിയിൽ മൺസൂൺ ടൂറിസം. ഗൾഫ് രാജ്യങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള വിമാന നിരക്കിലെ വർധനയാണ് മൺസൂൺ ടൂറിസത്തിനു തിരിച്ചടിയായിരിക്കുന്നത്. ജൂൺ, ജൂലൈ മാസങ്ങളിൽ കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്ന അറബ് സഞ്ചാരികൾ ഇത്തവണ എത്താത്തത് കായൽ വിനോദ സഞ്ചാര മേഖലയെയാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്ന്.
സൗദി അറേബ്യ, ദുബായ്, കുവൈറ്റ്, ഒമാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു മുൻ വർഷങ്ങളിൽ നൂറുകണക്കിന് സഞ്ചാരികൾ മഴ കാണാൻ കേരളത്തിലേക്ക് എത്തിയിരുന്നു. കുമരകം, ആലപ്പുഴ, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഓഫ് സീസണായ ജൂൺ, ജൂലൈ മാസങ്ങളിൽ അറബികളുടെ വരവ് ഏറെ ഗുണം ചെയ്തിരുന്നു. എന്നാൽ, ഇത്തവണ ഈ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റിൽ വന്ന വർധനയാണ് ഇവരുടെ പാക്കേജുകൾ കുറയാൻ കാരണമെന്ന് ടൂർ ഓപ്പറേറ്റർമാർ പറയുന്നു. മഴക്കാലത്ത് ഓട്ടം ഇല്ലാതെ കിടക്കുന്ന ടാക്സികൾക്ക് ഇവരുടെ വരവ് ഗുണം ചെയ്തിരുന്നു.
യാത്രക്കാർ കുറഞ്ഞതോടെ, ചെറുകിട റിസോർട്ടുകൾ, ഹൗസ്ബോട്ടുകൾ എന്നിവയുടെ പ്രവർത്തനമാണ് ഏറെ പ്രതിസന്ധിയിലായത്. കോവിഡ് കാലം ഒഴികെയുള്ളവർഷങ്ങളിൽ അറബ് സഞ്ചാരികൾ മൺസൂൺ ടൂറിസം ആസ്വദിക്കാൻ എത്താറുള്ളതാണ്. ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ അവധിക്കാലമായതിനാൽ നാട്ടിലേക്ക് അവധിക്കു വരുന്ന സ്വദേശികളും ഇക്കാലയളവിൽ കുമരത്തെത്തിയിരുന്നു. എന്നാൽ, വിമാനനിരക്കിലെ വർധനയെത്തുടർന്നു പലരും യാത്ര മാറ്റിവച്ചതും വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടിയായി.
English Summary: Airfare increase; Monsoon tourism crisis