Site iconSite icon Janayugom Online

‘വ്യോമാതിർത്തി ലംഘിച്ചു’; ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ജപ്പാൻ

ഒരു ചൈനീസ് ഹെലികോപ്റ്റർ ജപ്പാന്റെ വ്യോമാതിർത്തിയിൽ അതിക്രമിച്ചു കടന്നതിനെത്തുടർന്ന് ജപ്പാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നാല് ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പലുകൾ തർക്കത്തിലുള്ള കിഴക്കൻ ചൈനാ കടലിലെ സെൻകാകു ദ്വീപുകൾക്ക് സമീപമുള്ള ജപ്പാന്റെ പ്രാദേശിക ജലമേഖലയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഈ സംഭവം. കപ്പലുകളിൽ ഒന്നിൽ നിന്ന് പറന്നുയർന്ന ചൈനീസ് ഹെലികോപ്റ്റർ ജപ്പാന്റെ വ്യോമാതിർത്തിയിൽ പ്രവേശിക്കുകയായിരുന്നു. സംഭവത്തില്‍ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി ജാപ്പനീസ് ഉപ വിദേശകാര്യ മന്ത്രി ശക്തമായ അതൃപ്തി അറിയിച്ചു. 

ചൈനയിൽ ദിയാവു എന്നും ജപ്പാനിൽ സെൻകാകു എന്നും അറിയപ്പെടുന്ന കിഴക്കൻ ചൈന കടലിലെ ഈ ദ്വീപുകൾ ജപ്പാൻറെ അധീനതയിലാണ്. എന്നാൽ ദ്വീപുകൾ തങ്ങളുടേതാണെന്നാണ് ചൈന അവകാശവാദം ഉന്നയിക്കുന്നത്. ഇതേചൊല്ലി ഇരു രാജ്യങ്ങളുടെയും ഇടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് ചൈനീസ് ഹെലികോപ്റ്റർ ജപ്പാന്റെ വ്യോമാതിർത്തിയിൽ അതിക്രമിച്ചു കടന്നത്. വിഷയത്തിൽ കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. 

Exit mobile version