Site iconSite icon Janayugom Online

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചു; പാകിസ്ഥാന് കോടികളുടെ നഷ്ടം

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കോടികളുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഏപ്രിൽ 24 മുതൽ ജൂൺ 20 വരെ വ്യോമപാത അടച്ചിട്ടതിനെത്തുടര്‍ന്ന് 125 കോടി രൂപ (400 കോടി പാകിസ്താൻ രൂപ) യുടെ നഷ്ടമുണ്ടായതായാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദിവസേന 100 മുതല്‍ 150 ഇന്ത്യന്‍ വിമാനങ്ങളുടെ സര്‍വീസാണ് തടസപ്പെട്ടത്. ഇത് മൊത്തം വ്യോമഗതാഗതത്തില്‍ 20% ഇടിവുണ്ടാക്കി. 

ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെയുള്ള വരുമാനനഷ്ടം ഓവര്‍ ഫ്ലെെയിങ് ചാര്‍ജുകളുമായി ബന്ധപ്പെട്ടതാണെന്നും, ഇത് നേരത്തെ റിപ്പോര്‍ട്ട് ചെയ്ത തുകയേക്കാള്‍ കുറവാണെന്നും പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. അതേസമയം, ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടി, അതായത് 2025 ഓഗസ്റ്റ് 24 വരെ നീട്ടിയതായി പാകിസ്ഥാന്‍ അറിയിച്ചു. ഇതിന് തിരിച്ചടിയെന്നോണം, പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ആഭ്യന്തര വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇന്ത്യയും ഓഗസ്റ്റ് 23 വരെ നീട്ടിയതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോള്‍ പറഞ്ഞു. 

Exit mobile version