13 വർഷം മുൻപ് നടന്ന വാരനാട് സ്വദേശിനി ഐഷയുടെ (ഹൈയറുമ്മ‑62) കൊലപാതക കേസിൽ പ്രതിയായ സെബാസ്റ്റ്യനെ ഇന്ന് പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ രണ്ടു ദിവസമായി ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. പള്ളിപ്പുറത്തെ വീട്ടിൽ വെച്ച് 13 വർഷങ്ങൾക്കുമുമ്പാണ് ഐഷ കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത സാഹചര്യത്തിൽ, സെബാസ്റ്റ്യനെ ഒക്ടോബർ 28 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. തുടർച്ചയായി ചോദ്യം ചെയ്യുന്നതിനിടെ പ്രതി കാര്യമായ സഹകരണം നൽകുന്നില്ലെങ്കിലും ചില നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് സൂചന നൽകുന്നു.
ശനിയാഴ്ച സെബാസ്റ്റ്യന്റെ ഭാര്യ ഷേർളിയെയും പൊലീസ് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സെബാസ്റ്റ്യനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ പരിശോധനയിൽ മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ കണ്ടെത്തിയില്ല. തന്നിൽ നിന്നും തന്ത്രപരമായി കൈപ്പറ്റിയ പണവും സ്വർണവും തിരികെ ചോദിച്ചതിലുള്ള വിരോധം മൂലമാണ് ഐഷയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മയുടെയും കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെയും കൊലപാതകക്കേസുകളിലും സെബാസ്റ്റ്യൻ പ്രതിയാണ്.

