മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ പ്രത്യേക സഹായം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ് അതിജീവന മാർച്ച് നടത്തി. ഇന്ന് രാവിലെ 11 മണിക്ക് മേപ്പാടിയിൽ നിന്ന് ദുരന്തത്തെ അതിജീവിച്ച ജിജേഷും പ്രദീപനും ജാഥാ ക്യാപ്റ്റന്‍ ടി ടി ജിസ്‍മോന് പതാക കൈമാറി മാർച്ച് ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം നാലുമണിയോടെ മാർച്ച് കല്പറ്റ ഹെഡ് പോസ്റ്റ്ഓഫിസിന് മുമ്പിൽ എത്തി. തുടർന്ന് നടന്ന ധർണ സിനിമാ സംവിധായകൻ മനോജ് കാന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുമേഷ് ബത്തേരി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, ടി ടി ജിസ‌്മോൻ, പി കെ മൂർത്തി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നിഖിൽ പത്മനാഭൻ സ്വാഗതവും, ജസ്മൽ അമീർ നന്ദിയും പറഞ്ഞു.