എഐവൈഎഫ് 17-ാം ദേശീയ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ദേശീയ കൗണ്‍സിലിനെയും ഭാരവാഹികളെയും ഇന്ന് തെരഞ്ഞെടുക്കും. കാനം രാജേന്ദ്രന്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഇന്നലെ രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലും സംഘടനാ റിപ്പോര്‍ട്ടിന്മേലും കമ്മിഷന്‍ ചര്‍ച്ച നടന്നു.
‘തൊഴിലില്ലായ്മ വളര്‍ച്ചയും പ്രതിസന്ധിയും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എഐബിഇഎ ദേശീയ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം ഉദ്ഘാടനം ചെയ്തു. ഐഎഎല്‍ നേതാവ് അശ്വിനി ഭക്ഷി, എഐഎസ്ഡിഎഫ് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് കാതി നരസിംഹ റെഡ്ഡി എന്നിവര്‍ സംസാരിച്ചു.
നിയമസഭകളും പാർലമെന്റും പാസാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കുവാൻ ഗവർണർമാർക്കും ഇന്ത്യൻ പ്രസിഡന്റിനും സമയം നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരം റഫറൻസ് നൽകാനുള്ള തീരുമാനം തെറ്റായ നടപടിയാണെന്ന് ദേശീയ സമ്മേളനം പാസാക്കിയ പ്രമേയം അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാർ ഇന്ത്യൻ രാഷ്ട്രപതിയുടെ മഹനീയമായ സ്ഥാനം ദുരുപയോഗം ചെയ്ത് ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുകയാണ്. സുപ്രീം കോടതി വിധിക്കെതിരെ നിയമപരമായ മറ്റു മാർഗങ്ങൾ സ്വീകരിക്കാമെന്നിരിക്കെ അത്യപൂർവമായി മാത്രം ഉപയോഗിക്കേണ്ട അനുച്ഛേദം 143 ഉപയോഗിക്കുന്നത് തികച്ചും തെറ്റായ സന്ദേശം ജനങ്ങൾക്ക് നൽകും. കേന്ദ്ര സർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

