എഐവൈഎഫ് ദേശീയ സമ്മേളനം ജനുവരി ഏഴ് മുതൽ പത്തുവരെ ഹൈദരാബാദില്‍ വച്ച് നടത്തുവാൻ സേലത്ത് രണ്ട് ദിവസമായി നടന്ന എഐവൈഎഫ് ദേശീയ കൗൺസിൽ യോഗം തീരുമാനിച്ചു. ഏഴിന് പൊതുസമ്മേളനത്തോടെ സമ്മേളനം ആരംഭിക്കും. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകും. രാജ്യത്ത് മോദി സർക്കാറിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരികയാണ്. ജനകീയമായ ചെറുത്തു നിൽപ്പുകൾക്ക് മുന്നിൽ നരേന്ദ്ര മോഡി സർക്കാർ കീഴടങ്ങിയതിന്റെ തെളിവാണ് കർഷക സമരത്തിൽ കാണാൻ കഴിഞ്ഞത്.
ജനാധിപത്യ വിരുദ്ധ നിയമങ്ങൾ ജനകീയ സമരങ്ങളുടെ മുന്നിൽ പിൻവലിക്കേണ്ടിവന്നത് മോദി സർക്കാരിന് താക്കീത് ആണ്. സമരത്തിൽ കർഷകരോടൊപ്പം ചെറുപ്പക്കാരെയും അണിനിരത്തുവാൻ എഐവൈഎഫിന് നല്ല പങ്ക് വഹിക്കുവാൻ കഴിഞ്ഞുവെന്നും ദേശീയ കൗൺസിൽ യോഗം വിലയിരുത്തി. യോഗത്തിൽ ദേശീയ പ്രസിഡന്റ് അഫ്താബ് അലംഖാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ തിരുമലൈ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരുപത് സംസ്ഥാനങ്ങളിൽ നിന്നുള്ള നാൽപ്പത്തി രണ്ടു പേർ ചർച്ചയിൽ പങ്കെടുത്തു. കേരളത്തിൽ നിന്നും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ മഹേഷ് കക്കത്ത്, അഡ്വ ആർ സജിലാൽ, ദേശീയ കൗൺസിൽ അംഗം പ്രിൻസ് മാത്യു എന്നിവർ പങ്കെടുത്തു.
ENGLISH SUMMARY:AIYF National Conference January 7–10 in Hyderabad
You may also like this video