Site icon Janayugom Online

മലബാർ കലാപം സ്വാതന്ത്ര്യ സമരം: സംഘപരിവാർ നീക്കം സമൂഹത്തെ ഭിന്നിപ്പിക്കാൻ: എഐവൈഎഫ്

മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണെന്നും ചരിത്രം തിരുത്താനും മലബാർ കലാപത്തിലെ രക്തസാക്ഷികളെ ചരിത്ര പുസ്തകത്തിൽ നിന്നും ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കവും പ്രതിഷേധാർഹമാണെന്നു എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങളിൽ പ്രധാനപ്പെട്ടതാണ് മലബാർ കലാപം. ബ്രിട്ടീഷുകാർ സമരത്തെ അടിച്ചമർത്താൻ പല വഴികളും സ്വീകരിച്ചിരുന്നു. വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസലിയാരും ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷക്ക് വിധിച്ചവരാണ്. അവർ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികൾ തന്നെയാണ്. ഇവരുൾപ്പടെ 387 പേരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ഐ സി എച്ച് ആർ നീക്കം സംഘ പരിവാറിന്റെ രാഷ്ട്രീയതാൽപര്യം മുൻനിറുത്തിയാണ്. ഇത് ചരിത്ര നിഷേധവും സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലുമാണ്.

ബ്രിട്ടീഷുകാർക്കെതിരായ സമരം ചില ഘട്ടങ്ങളിൽ വഴി മാറിയിട്ടുണ്ടാകാം. എന്നാൽ ആത്യന്തികമായി പ്രക്ഷോഭകാരികളുടെ ലക്ഷ്യം ബ്രിട്ടീഷ് മേൽക്കോയ്മ അവസാനിപ്പിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ആയിരുന്നു. ഈ ചരിത്ര യാഥാർത്ഥ്യങ്ങളെ തമസ്ക്കരിച്ച് ചരിത്രത്തെ സംഘ പരിവാറിന് അനുകൂലമായി വളച്ചൊടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ആർഎസ് എസിന്റെ ചരിത്രത്തെ വെള്ളപൂശാനുള്ളശ്രമം നാട് തിരിച്ചറിയും. സ്വാതന്ത്ര്യ സമര ചരിത്രം വളച്ചൊടിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

You may also like this video:

Exit mobile version