Site iconSite icon Janayugom Online

അജിത് പവാറും ശരദ്പവാറും ഒന്നിക്കുന്നു

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അജിത് പവാര്‍ പക്ഷവും ശരദ് പവാര്‍ പക്ഷവും വൈരം മറന്ന് ഒന്നിക്കുന്നു. ജനുവരി 15ന് നടക്കുന്ന പിംപ്രി-ചിന്ദ്‌വാഡ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും സഖ്യത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ഉപമുഖ്യമന്ത്രി അജിത് പവാറാണ് സഖ്യ തീരുമാനം പ്രഖ്യാപിച്ചത്. 

പരിവാര്‍ (കുടുംബം) ഒന്നിച്ചുവെന്നും, വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പിംപ്രി-ചിന്ദ്‌വാഡ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനും ‘ഘടികാരവും കാഹളവും’ ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും റാലികളില്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ അജിത് പവാര്‍ പറഞ്ഞു. പൂനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ഇരു വിഭാഗവും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. 

പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരുന്ന ശരദ് പവാര്‍ ഏതാനും ദിവസം മുമ്പ് കുത്തക ഭീമനായ ഗൗതം അഡാനിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. ഇന്നലെ ബാരമതിയില്‍ ഗൗതം അഡാനി ശരദ് ചന്ദ്ര പവാര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉദ്ഘാടന പരിപാടിയിലും ശരദ് പവാര്‍ പങ്കെടുത്തിരുന്നു. ഇന്ത്യ സഖ്യത്തില്‍ നിന്ന് ശരദ് പവാര്‍ പുറത്തേക്ക് പോകുന്നു എന്ന തരത്തിലുള്ള ശക്തമായ അഭ്യൂഹം നിലനില്‍ക്കെയാണ് പിംപ്രി-ചിന്ദ്‌വാഡ് തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. 

2023 ജൂലൈയിലാണ് ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാറും ഒരുവിഭാഗം എംഎല്‍എമാരും രാജിവച്ച് ശിവസേന‑ബിജെപി സഖ്യത്തില്‍ ചേര്‍ന്നത്. ഏതാണ്ട് നാല് വര്‍ഷത്തിനുശേഷം സഖ്യത്തില്‍ ഏര്‍പ്പെടാനുള്ള ഇരുപാര്‍ട്ടികളുടെയും തീരുമാനം മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ മാനങ്ങള്‍ക്കാവും വഴി തുറക്കുക. 

Exit mobile version