Site iconSite icon Janayugom Online

മഹായുതിയില്‍ അജിത് പവാറിനെ ഒതുക്കി; മുഖ്യമന്ത്രിക്കുള്ള ഫയലുകള്‍ ഷിന്‍ഡെ മാത്രം പരിശോധിക്കും

മഹായുതി സര്‍ക്കാരില്‍ ഭിന്നത രൂക്ഷമാക്കി ഫയല്‍ പരിശോധന തര്‍ക്കം. എല്ലാ ഫയലുകളും മുഖ്യമന്ത്രിക്ക് മുന്നിലെത്തുന്നത് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ പരിശോധനയ്ക്ക് ശേഷമാകും എന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ നേരത്തെ പരിശോധിച്ചിരുന്ന ഫയലുകളും ഷിന്‍ഡെയുടെ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള തീരുമാനം മന്ത്രിസഭയില്‍ തര്‍ക്കത്തിന് വഴിമരുന്നിട്ടു.

ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന അജിത് പവാറിനെ അപ്രസക്തനാക്കിയുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവാണ് മഹായുതി സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്. 2023ല്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉപമുഖ്യമന്ത്രിമാരായിരുന്ന അജിത് പവാറും ഫഡ്നാവിസും പരിശോധിച്ചശേഷമാണ് മുഖ്യമന്ത്രിയുടെ മുന്നില്‍ ഫയലുകള്‍ എത്തിയിരുന്നത്. 2023 ജൂലൈ 26 മുതല്‍ ധനകാര്യ മന്ത്രിയായിരുന്ന ഉപമുഖ്യമന്ത്രി അജിത് പവാറില്‍ നിന്ന് ആഭ്യന്തരം, നിയമം, നീതിന്യായ വകുപ്പുകളുടെ ഫയല്‍ പരിശോധന ഉപമുഖ്യമന്ത്രി ഫഡ്നാവിസിലേക്ക് മാറ്റിയിരുന്നു. 

പുതിയ തീരുമാനം എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. മന്ത്രിസഭാ രൂപീകരണ വേളയില്‍ ആരംഭിച്ച ശീതസമരം ഒതുങ്ങിവരുന്നതിനിടെയാണ് ഫയല്‍ പരിശോധനാ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിച്ചത്. 

Exit mobile version