Site iconSite icon Janayugom Online

അജിത് പവാര്‍ വിമാനാപകടം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ച് ഫഡ്നാവിസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് .വിമാനാപകടത്തെകുറിച്ചുള്ള എല്ലാ സംശയങ്ങളും ദൂരീകരിക്കുമെന്ന് മഹായൂതി സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു മഹാരാഷ്ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.വിമാനാപകടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപിയില്‍ നിന്ന് എനിക്കൊരു കത്ത് ലഭിച്ചു.
ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായോട് സംസാരിച്ചിട്ടുണ്ട്, ഫഡ്‌നാവിസ് പറഞ്ഞു. 

ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ യുടെയും സംസ്ഥാന സിഐഡിയുടെയും അന്വേഷണങ്ങള്‍ക്കൊപ്പം സിബിഐ അന്വേഷണവും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡിജിസിഎ അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കണം, ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്നും ഫഡ്‌നാവിസ് പറഞ്ഞു.അന്വേഷണത്തിന്റെ തുടര്‍ നടപടികള്‍ ഞങ്ങള്‍ ഉറപ്പാക്കും . ഡിജിസിഎയ്ക്കും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ഒന്നും മറച്ചുവെക്കാനില്ലെന്ന് എനിക്ക് തോന്നുന്നു, അദ്ദേഹം പറഞ്ഞു.അജിത് പവാറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാര്‍ ഉള്‍പ്പടെയുള്ള എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

വിമാനാപകടം ഒരു സാധാരണ സംഭവമായി കാണാനാവില്ലെന്നും അതില്‍ ഗൂഢാലോചന സംശയിക്കുന്നതായും എന്‍സിപി നേതാക്കള്‍ പറഞ്ഞു.അവസാന നിമിഷം പൈലറ്റുമാരെ മാറ്റിയതും റണ്‍വേ ക്ലിയറന്‍സിലെ അവ്യക്തതകളും അന്വേഷിക്കണമെന്നാണ് എന്‍സിപിയുടെ ആവശ്യം.ജനുവരി 28 നായിരുന്നു അജിത് പവാര്‍ വിമാനാപകടത്തില്‍ മരിച്ചത്. ബാരാമതിയില്‍ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കവേ അജിതും സംഘവും സഞ്ചരിച്ച വിമാനം തകര്‍ന്നുവീണ് അഗ്‌നി ഗോളമായി മാറുകയായിരുന്നു.അജിത് പവാറിന്റെ അനന്തരവനും എന്‍സിപി എംഎല്‍എയുമായ രോഹിത് പവാര്‍ വിമാനാപകടത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നിരവധി നേതാക്കള്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. അപകട ദിവസം അവസാന നിമിഷം പൈലറ്റിനെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് രോഹിത് പവാര്‍ ആരോപിച്ചു. അപകടത്തില്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസും ശിവസേനയും (യുബിടി) രംഗത്തെത്തിയിരുന്നു.

Exit mobile version