രാജസ്ഥാനിലെ വിഖ്യാതമായ അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദവുമായി ഹിന്ദുസംഘടന. ദര്‍ഗ യഥാര്‍ത്ഥത്തില്‍ ഹിന്ദു ക്ഷേത്രമാണെന്നും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ‘മഹാറാണ പ്രതാപ് സേന’ എന്ന സംഘടന രംഗത്തെത്തി. പ്രസിഡന്റ് രാജ് വര്‍ധന്‍ സിങ് പര്‍മര്‍ വിഷയം ഉന്നയിച്ച് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയ്ക്ക് കത്തെഴുതി.
അജ്മീര്‍ ദര്‍ഗ ഒരു ‘വിശുദ്ധ ഹിന്ദു ക്ഷേത്രം’ ആണെന്ന് അവകാശപ്പെട്ട് ഇയാള്‍ അടുത്തിടെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ദര്‍ഗയില്‍ അന്വേഷണം വേണമെന്ന് സംഘടന ഏറെ നാളായി ആവശ്യപ്പെട്ടിരുന്നതായി കത്തില്‍ വ്യക്തമാക്കി.
ഹിന്ദു വലതുപക്ഷ ബ്ലോഗ് വെബ്‌സൈറ്റായ ഹിന്ദു പോസ്റ്റില്‍ അജ്മീര്‍ ദര്‍ഗയെക്കുറിച്ച് ഒരു ലേഖനം അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഖ്വാജ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ശവകുടീരം മാത്രമല്ല, വാസ്തവത്തില്‍ മുഴുവന്‍ സമുച്ചയവും നിര്‍മ്മിച്ചിരിക്കുന്നത് മുസ്ലിം ആക്രമണകാരികള്‍ തകര്‍ത്ത ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് അവകാശവാദവുമായി മഹാറാണ പ്രതാപ് സേന രംഗത്തെത്തിയിട്ടുള്ളത്. നാളെ ദര്‍ഗയിലേക്ക് മാര്‍ച്ച് നടത്തുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
ജയ്പൂര്‍ സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം താരാഗഢില്‍ സ്ഥിതിചെയ്യുന്ന ദര്‍ഗ ഇന്ത്യന്‍ മതേതരത്വത്തിന്റെ മാതൃകയാണ്. ഇതിന്റെ 1532ല്‍ നിര്‍മ്മിക്കപ്പെട്ട വെള്ള മാർബിൾ താഴികക്കുടം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരികവും മതപരവുമായ വൈവിധ്യത്തിന്റെ തെളിവായി നിലകൊള്ളുന്നു.
English Summary: Ajmer Dargah also claimed
You may also like this video