Site iconSite icon Janayugom Online

അജു വരച്ചു, രാഷ്ട്രപതിക്കായി കേരളത്തിന്റെ സ്നേഹസമ്മാനം

ഏതു ചിത്രം വരയ്ക്കാനിരുന്നാലും അജുവിന്റെ മനസിൽ ആയിരം മുഖങ്ങളും കാഴ്ചകളുമെല്ലാം ഓടിയെത്തും. ഒറ്റ ക്യാൻവാസിലേക്ക് ഇവ പകർത്താനിരുന്നാൽ പലതും മനസിൽ നിന്നു പല കോണുകളിലേക്കായി നിമിഷ നേരം കൊണ്ട് ഒഴുകിപ്പോകും. ജന്മനാ നിഴലായി വന്ന ഓട്ടിസം സ്‌പെക്ട്രം എന്ന വെല്ലുവിളിയെ മറികടന്ന് പന്ത്രണ്ടുകാരനായ അജു വരച്ചു ജീവനുള്ള ഒരു ചിത്രം, അതായിരുന്നു സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനായി കുടുംബശ്രീ നൽകിയ കേരളത്തിന്റെ സമ്മാനം. 

പെൻസിൽ കൊണ്ട് അജു വരച്ച തന്റെ ചിരിക്കുന്ന ചിത്രം കുടുംബശ്രീയുടെ ഉപഹാരമായി രാഷ്ട്രപതി ഏറ്റുവാങ്ങുമ്പോൾ വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്‌സ് പാരഡൈസ് സ്‌പെഷ്യൽ സ്‌കൂളിനും അഭിമാന നിമിഷമായി. ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനു സംസ്ഥാന സർക്കാർ നൽകിയ പൗര സ്വീകരണ ചടങ്ങിലാണ് കുടുംബശ്രീയുടെ ഉപഹാരമായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അജു വരച്ച ചിത്രം സമ്മാനമായി നൽകിയത്. 

കാട്ടിക്കുളം എടൂർക്കുന്നിലെ വട്ടക്കാവുങ്കൽ ജോമോന്റെയും ജിഷയുടെയും ഇളയമകനായ അജു ചെറുപ്രായം മുതൽ വരയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി തോന്നിയിരുന്നു. എറണാകുളത്ത് നടന്ന ബഡ്‌സ് സ്‌കൂൾ കലോത്സവത്തില്‍ സഹപാഠികളായ മറ്റു കുട്ടികൾക്കുമൊപ്പം അജുവും പങ്കെടുത്തിരുന്നു. ഇവിടെ നിന്നുമാണ് രാഷ്ട്രപതിക്കുള്ള സ­മ്മാനമായി ചിത്രം വരയ്ക്കാനുള്ള ഭാഗ്യം അജുവിനെ തേടിയെത്തുന്നത്. പ്രിയ കൂട്ടുകാരൻ അജുവിന്റെ ചിത്രം സമ്മാനമായി രാഷ്ട്രപതി ഭവനിലെത്തുമ്പോൾ വിദ്യാലയവും നാടുമെല്ലാം സന്തോഷത്തിലാണ്. അപ്പോഴും ഈ ചിത്രം ആരുടേതാണെന്ന് ഏകാഗ്രതയുള്ള ഇടവേളകളിൽ അജുവിനെ പഠിപ്പിച്ചെടുക്കുകയാണ് മാതാപിതാക്കളും അധ്യപകരുമെല്ലാം. 

Eng­lish Summary;Aju paint­ed, Ker­ala’s love gift for the President

You may also like this video

Exit mobile version