Site iconSite icon Janayugom Online

എ കെ പുതുശേരി അന്തരിച്ചു

സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ എ കെ പുതുശേരി (90) എറണാകുളം എസ്ആർഎം റോഡിൽ വി പി ആന്റണി റോഡിലെ പുതുശ്ശേരി വസതിയിൽ അന്തരിച്ചു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ മൂലം കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. ഇന്നലെ രാവിലെയാണ് അന്ത്യം.
ഇന്ന് രാവിലെ 10 മുതൽ ഒരു മണി വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം. തുടർന്ന് വൈകിട്ട് മൂന്നിന് ചിറ്റൂർ റോഡിലെ സെന്റ് മേരീസ് ബസിലിക്കാ സെമിത്തേരിയിൽ സംസ്കാരം നടക്കും. എസ് ടി റെഡ്യാർ ആന്റ് സൺസിലെ റിട്ട. ജീവനക്കാരനാണ്. നോവൽ, ബാലസാഹിത്യം, നാടകങ്ങൾ, ചരിത്രം, കഥാപ്രസംഗങ്ങൾ, ബാലേ, ബൈബിൾ നാടകം, ജീവചരിത്രം, കഥകൾ, തിരക്കഥ, ടെലിഫിലിം, ഭക്തിഗാനം, ലളിതഗാനം ഉൾപ്പെടെ 94 ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വാഗ്ദത്തഭൂമി, മഗ്ദലേനായിലെ മേരി, ബാബേൽഗോപുരം, ഹക്കൽദ്‌മാ, വചനം തിരുവചനം, സോദോം ഗൊമോറാ, ഗോൽഗോത്ത, യഹോവായുടെ മുന്തിരിത്തോപ്പ്, അത്തിപ്പഴത്തിന്റെ നാട്ടിൽ, സമരഗാഥാ, തിരിച്ചുവരവ്, നിഷ്‌ക്കളങ്കന്റെ രക്തം, ഇവനെന്റെ പ്രിയപുത്രൻ, മുപ്പത് വെള്ളിക്കാശ്, ഗലയാദിലെ തീക്കാറ്റ് ബത്തൂലിയായിലെ സിംഹം, കാനായിലെ കല്യാണം തുടങ്ങി 20ലേറെ ബൈബിൾ നാടകങ്ങൾ എഴുതി. കടലിന്റെ ദാഹം, ചിലമ്പൊലി, അന്വേഷണം, പുലരി തേടുന്ന സന്ധ്യ, ഭൂമിയുടെ ഉപ്പ് എന്നിവ പ്രധാനപ്പെട്ട നോവലുകളാണ്. ഒട്ടേറെ നാടക ഗാനങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവയും രചിച്ചിട്ടുണ്ട്.
കേരള സംഗീതനാടക അക്കാദമിയുടെ ഗുരു പൂജ പുരസ്‌കാരം, കേന്ദ്ര സാംസ്കാരിക വകുപ്പിൽ നിന്ന് സീനിയർ ഫെല്ലോഷിപ്പ്, സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരളാ സാഹിത്യമണ്ഡലത്തിന്റെ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഫിലോമിന. മക്കൾ: ഡോ. ജോളി, റോയി, ബൈജു, നവീൻ. മരുമക്കൾ: റീത്ത, പരേതയായ ടെസി, ബിനി, റിൻസി.

Exit mobile version