Site icon Janayugom Online

എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

എകെജി സെന്റര്‍ ആക്രമണ കേസില്‍ മുഖ്യ ആസൂത്രകനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. യൂത്ത്കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കേസിലെ രണ്ടാം പ്രതിയുമായ കഠിനംകുളം സ്വദേശി സുഹൈൽ ഷാജഹാൻ ആണ് ഡൽഹി വിമാനത്താവളത്തിൽ പിടിയിലായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായിയാണ് സുഹൈല്‍. രണ്ടുവർഷമായി ഒളിവിലായിരുന്ന സുഹൈല്‍ യുകെയിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കുടുങ്ങിയത്.

കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിൽ ഡൽഹിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
2022 ജൂൺ 30ന് രാത്രി 11.20നാണ് എകെജി സെന്ററിന് നേരെ ആക്രമണം നടന്നത്. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് മൺവിള സ്വദേശി ജിതിൻ വി കുളത്തൂപ്പുഴയാണ് കേസിലെ ഒന്നാം പ്രതി. ഗൂഢാലോചനയിലും കുറ്റകൃത്യത്തിലെ സഹായത്തിലും സുഹൈലിന് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം യുകെയിലേക്ക് കടന്ന സുഹൈൽ രണ്ടാഴ്ച മുമ്പ് കാഠ്മണ്ഡു വഴി ഇന്ത്യയിൽ തിരിച്ചെത്തി. കാഠ്മണ്ഡു വഴി മടങ്ങാൻ തിങ്കളാഴ്ച വൈകിട്ട് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്താവള അധികൃതർ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു.

Eng­lish Sum­ma­ry: AKG Cen­ter Attack: Youth Con­gress Leader Arrested

You may also like this video

Exit mobile version