സിപിഐ(എം) സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധം ശക്തം. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. ഇരുചക്രവാഹനത്തിലെത്തിയ ഒരാള്‍ ബാഗില്‍ നിന്ന് ബോംബെടുത്ത് എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വിവരമറിഞ്ഞ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും രാത്രിയോടെ ഓഫീസിന് മുന്നിലെത്തിയിരുന്നു. രാത്രി നഗരത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു.
എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ വിവിധ നേതാക്കള്‍ ശക്തമായി അപലപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, മന്ത്രിമാരായ പി പ്രസാദ്, ജി ആര്‍ അനില്‍, എ കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, വി അബ്ദുറഹിമാന്‍, അഹമ്മദ് ദേവര്‍കോവില്‍, വി ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു, എ എ റഹീം എംപി, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി സുരേന്ദ്രന്‍ പിള്ള, കെ കെ രാഗേഷ് തുടങ്ങിയ നിരവധി നേതാക്കള്‍ എകെജി സെന്റര്‍ സന്ദര്‍ശിച്ച് സംഭവത്തെ അപലപിച്ചു.
സംസ്ഥാനത്ത് കലാപം സൃഷ്ടിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ഗൂഢനീക്കം നടക്കുന്നുവെന്ന് നേതാക്കള്‍ പ്രതികരിച്ചു.
തിരുവനന്തപുരം ഡിസിആർബി അസി. കമ്മിഷണർ ജെ കെ ഡിനിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 436, സ്ഫോടകവസ്തു നിയമത്തിലെ 3എ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബോംബെറിഞ്ഞ് മടങ്ങുന്ന ദൃശ്യം എകെജി സെന്ററിലെ സിസിടിവിയിലുണ്ട്. ഇതടക്കം പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണമ്മൂലയ്ക്കടുത്ത വരമ്പശേരി വരെയുള്ള സിസിടിവികൾ വെള്ളിയാഴ്ച പൊലീസ് പരിശോധിച്ചിട്ടുണ്ട്. ചില വീടുകൾ അടഞ്ഞ് കിടക്കുന്നതിനാൽ പരിശോധിക്കാനായില്ല. അക്രമി സഞ്ചരിച്ച വാഹനം കണ്ടെത്താനാണ് ആദ്യശ്രമം. ശേഖരിച്ച ദൃശ്യങ്ങളിൽ സ്കൂട്ടറിന്റെ നമ്പർ വ്യക്തമല്ല. തിരുവനന്തപുരം സിറ്റി ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ബോംബ് പതിച്ചിടത്ത് നിന്നുള്ള ഫോറൻസിക് തെളിവുകൾ പൊലീസിന് കൈമാറി. തിരുവനന്തപുരം സിറ്റി ഫോറൻസിക് വിഭാഗം ശേഖരിച്ച തെളിവുകളാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. പൊട്ടിച്ചിതറിയ ബോംബിന്റെ അവശിഷ്ടങ്ങളും പതിച്ച ചുമരിൽ നിന്നുള്ള ഭാഗങ്ങളുമാണ് ശേഖരിച്ചത്. ഇവ കോടതി മുഖാന്തരം തിരുവനന്തപുരം ഫോറൻസിക് ലാബിന് കൈമാറും. ഏത് തരത്തിലുള്ള ബോംബായിരുന്നു, തീവ്രത തുടങ്ങിയ വിവരങ്ങൾ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
സിപിഐ പ്രതിഷേധിച്ചു
ന്യൂഡൽഹി: സിപിഐ(എം) സംസ്ഥാനകമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
ജനാധിപത്യത്തിനുനേരെയുണ്ടായ ഇത്തരം അക്രമങ്ങൾ വച്ചുപൊറുപ്പിക്കരുതെന്നും സമഗ്രാന്വേഷണത്തിലൂടെ എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഭീരുത്വം നിറഞ്ഞ ആക്രമണത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പുരോഗമന പ്രസ്ഥാനങ്ങളും രംഗത്തുവരണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
English Summary: AKG Center bomb attack: Protests intensifies
You may like this video also