സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാപ്രസ് പുരയിടത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ‑സാംസ്കാരികമ്യൂസിയം സഹകരണവകുപ്പ് ഒരുക്കി. അന്തർദേശീയ നിലവാരത്തിൽ ആധുനികസാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് 15,000 ചതുരശ്രയടിയിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ഒന്നാംഘട്ടനിർമ്മാണപ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്.
ഭാഷയും സഹകരണവും
എന്തുകൊണ്ടാണ് സഹകരണവകുപ്പ് ഇത്തരം ഒരു സംരംഭത്തിലേക്ക് തിരിഞ്ഞത് എന്നത് സ്വഭാവികമായി ഉയരുന്ന ചോദ്യമാണ്. ജോസഫ് പൗൾഷേക്ക് എന്ന ഭാഷാഗവേഷകൻ ഭാഷയെക്കുറിച്ച് നടത്തിയ പഠനങ്ങൾ ഈ ഇഴയടുപ്പം വ്യക്തമാക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു. ഭാഷയെ പൊതുനന്മയുടെയും സഹജീവിസ്നേഹത്തിന്റെയും ഉപാധിയായിട്ടാണ് അദ്ദേഹം പരിഗണിക്കുന്നത്. ഭാഷയുടെ നാല് സഹജീവി സ്നേഹധർമ്മങ്ങളെക്കുറിച്ച് പൗൾഷേക്ക് പറയുന്നുണ്ട്. മൂല്യനിർണയം, നിർദേശം, പൊതുപ്രതിനിധാനം, സഹകരണധർമ്മം എന്നിവയാണവ. സഹകരണധർമ്മം ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ്. വ്യക്തി സമഷ്ടിക്കും സമഷ്ടി വ്യക്തിക്കും എന്ന ആപ്തവാക്യത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി രൂപീകൃതമായ സഹകരണപ്രസ്ഥാനം സഹകരിക്കുവാനും പങ്കുവെക്കുവാനുമുള്ള മനുഷ്യവംശത്തിന്റെ സ്വഭാവികചിന്തയുടെ ആധുനികരൂപമാണ്. അതുകൊണ്ടാണ് സഹകരണത്തിന്റെ ഈ മൂർത്ത ചിന്ത ഏറ്റെടുത്ത് 80 വർഷം മുൻപ് കേരളത്തിൽ എഴുത്തുകാർ ചേർന്ന് സഹകരണാടിസ്ഥാനത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം രൂപീകരിച്ചതും ഭാഷയ്ക്കും സാംസ്കാരത്തിനും വേണ്ടി നിലകൊണ്ടതും. ആ മൂല്യബോധ്യമാണ് മനുഷ്യരാശിയുടെ ചരിത്രം ഒരുക്കുവാൻ പ്രേരണയായതും.
ഇന്ത്യയിലെ ആദ്യഭാഷാമ്യൂസിയം
മനുഷ്യർക്ക് എന്നുമുതലാണ് ഭാഷ സംസാരിക്കാനുള്ള ഭാഷണശേഷി കൈവന്നത്? എപ്പോഴാണ് ഭാഷ ഉത്ഭവിച്ചത്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള വിശദീകരണത്തിലൂടെയാണ് അക്ഷരം മ്യൂസിയത്തിന്റെ ആദ്യഭാഗം ആരംഭിക്കുന്നത്. ഏകദേശം 70 ലക്ഷം വർഷങ്ങൾ മുതലിങ്ങോട്ട് നാല്പതിനായിരം വർഷങ്ങൾ വരെയുള്ള ഭാഷാഉല്പത്തിചരിത്രം ഇവിടം വീഡിയോ പ്രൊജക്ഷനായി അവതരിപ്പിക്കുന്നു. വാമൊഴിയിൽനിന്ന് ഗുഹാവരകളായും ചിത്രലിപികളായും പരിണമിക്കുന്ന ആശയ പ്രകാശനത്തിന്റെ വ്യത്യസ്തതലങ്ങളെയാണ് അക്ഷരം മ്യൂസിയത്തിന്റെ ഒന്നാംഗാലറിയിൽ പരിചയപ്പെടുത്തുന്നത്. ഭാഷയാർജിച്ച മനുഷ്യൻ തന്റെ ആവാസവ്യവസ്ഥയിൽ, ചുറ്റുപാടുകളിൽ തന്റെ ജീവിതം പലതായി അടയാളപ്പെടുത്തിവയ്ക്കുന്നുണ്ട്. അവ കോറിയിട്ട വരകളായും ചിത്രങ്ങളായും നമുക്ക് കാണാം.
രണ്ടാംഗാലറി ഇന്ത്യൻ ലിപികളുടെ പരിണാമചരിത്രത്തെയാണ് അടയാളപ്പെടുത്തുന്നത്. മലയാളത്തിൽ ഇന്ന് നാം ഉപയോഗിക്കുന്ന അക്ഷരങ്ങൾ എങ്ങനെ പരിണമിച്ചുണ്ടായി എന്ന് വിശദീകരിക്കുന്ന വീഡിയോകൾ ഈ ഗാലറിയിൽ ഉണ്ട്.
അക്ഷരം മ്യൂസിയത്തിന്റെ മൂന്നാംഗാലറി ആധുനികതയുടെ കടന്നുവരവിനുശേഷമുള്ള അച്ചടിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. അച്ചടി സാങ്കേതികവിദ്യയക്കുറിച്ചും, ആദ്യകാലത്ത് അച്ചടിക്കപ്പെട്ട പ്രധാന മലയാളപുസ്തകങ്ങളെക്കുറിച്ചും, കേരളത്തിലെ പ്രധാന അച്ചടി ശാലകളെക്കുറിച്ചും ഈ ഗാലറിയിൽ വിശദമാക്കുന്നു. കൂടാതെ കേരളത്തിലെ സാക്ഷരതാ ചരിത്രം വിശദമാക്കുന്ന ആനിമേഷൻ വീഡിയോയും ആദ്യകാല സാക്ഷരതാപാഠപുസ്തകങ്ങളും, വിവരണങ്ങളും മൂന്നാമത്തെ ഗാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നാലാം ഗാലറിയിൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തെയും സഹകരണപ്രസ്ഥാനത്തെക്കുറിച്ചിട്ടുമുള്ള വിവരണങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അക്ഷരത്തെയും ഭാഷയെയും പരിപോഷിപ്പിച്ച ഒരു സഹകരണസ്ഥാപനം എന്ന നിലയിൽ, മലയാളസാഹിത്യത്തെ ലോകത്തിനും ലോകസാഹിത്യത്തെ മലയാളത്തിനും പരിചയപ്പെടുത്തിയ എഴുത്തുകാരുടെ സംഘം എന്ന നിലയിലും അക്ഷരം മ്യൂസിയം എസ്‌പി സിഎസിനെ ഈ ഗാലറി അടയാളപ്പെടുത്തുന്നു. എസ്‌പിസിഎസിന്റെ ചരിത്രം, എസ്‌പിസിഎസ് — ഫോട്ടോഗാലറി, എസ്‌പിസിഎസ് സിഗ്നേച്ചർ ഗാലറി, എസ്‌പിസിഎസ് ന്യൂസ്റീൽ എന്നിവ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നവയാണ്.
ഇരുനൂറിലധികം സാഹിത്യകാരന്മാരുടെ കൈയെഴുത്തുപ്രതികൾ, തൊണ്ണൂറിലധികം സാഹിത്യകാരന്മാരുടെ ശബ്ദങ്ങൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കുന്നു. ഒപ്പംതന്നെ ലോകത്തിലെയും ഇന്ത്യയിലെയും കേരളത്തിലെയും സഹകരണപ്രസ്ഥാനത്തെക്കുറിച്ചും, സഹകാരികളെക്കുറിച്ചും, സഹകരണനിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള വിവരണങ്ങൾ നാലാംഗാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അക്ഷരം മ്യൂസിയത്തിലെ ഏറെ കൗതുകമേറിയ മറ്റൊരു ഭാഗം ലോകഭാഷകളുടെ പ്രദർശനമാണ്. ലോകത്തിലെ ആറായിരത്തോളം ഭാഷകൾ ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ലോകഭാഷാഗാലറിയിലേക്ക് പോകുന്ന ഇടനാഴിയിലാണ് അക്ഷരപരിണാമചാർട്ടുകളുടെ പ്രദർശനവും. ഓരോ അക്ഷരവും രൂപാന്തരം പ്രാപിച്ചത് കാലഘട്ടം തിരിച്ച് ചാർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഭാഷാമ്യൂസിയം എന്ന നിലയിൽ അക്ഷരം മ്യൂസിയത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണിത്. അക്ഷരം മ്യൂസിയത്തിനകത്ത്, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിർമ്മിച്ച ഒരു തിയേറ്ററും ഹോളോഗ്രാം സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.
അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട എട്ട് ഡോക്യുമെന്ററികൾ തിയേറ്ററിൽ പ്രദർശിപ്പിക്കും. എടക്കൽ ഗുഹാചിത്രങ്ങൾ, മറയൂർ ശിലാചിത്രങ്ങൾ, കേരളത്തിലെ സാക്ഷരതാപ്രവർത്തനം, കേരളത്തിലെ ഗോത്രഭാഷകൾ, ഭാഷ ഉണ്ടായതെങ്ങനെ? സംഘകാലം (എസ്‌പിസിഎസ് ഡോക്യുമെന്ററി) എന്നിവയാണവ. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കപ്പെട്ട ഹോളോഗ്രാം സംവിധാനവും പ്രവർത്തിക്കും. ഹോളോഗ്രാമിൽ, കാരൂർ നീലകണ്ഠപ്പിള്ള, പൊൻകുന്നം വർക്കി, തകഴി ശിവശങ്കരപ്പിള്ള, പി കേശവദേവ് തുടങ്ങിയ മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്മാർ തങ്ങളുടെ കഥകൾ നമ്മളോട് പറയുന്നു. മ്യൂസിയം കാമ്പസിലും മ്യൂസിയം ഉള്ളടക്കത്തെ ആവിഷ്കരിക്കാൻ അക്ഷരം മ്യൂസിയം പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ചരിത്രപാഠപുസ്തകങ്ങളിൽ കണ്ടിട്ടില്ലാത്ത സ്ക്രിബസ് (scribes) എന്നറിയപ്പെടുന്ന എഴുത്തുകാരുടെ ശില്പങ്ങൾ മ്യൂസിയം വളപ്പിൽ കാണാം. ഈജിപ്തിലെയും, ഇന്ത്യയിലെയും, കേരളത്തിലെയും എഴുത്തുകാർ അതിലുണ്ട്.
അക്ഷരം മ്യൂസിയം ലെറ്റർ ടൂറിസം എന്നൊരു സാംസ്കാരികയാത്രയും പ്രൊജക്ടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തെ പ്രധാന അക്ഷര‑സാംസ്കാരികകേന്ദ്രങ്ങളിലൂടെയുള്ള ഒരു യാത്ര എന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
ഇന്ത്യൻ ഭാഷകളെയും ഏഷ്യൻ ഭാഷകളെയും മറ്റ് പ്രധാന ലോകഭാഷകളെയും വിശദമായി അടുത്ത ഘട്ടത്തിൽ അടയാളപ്പെടുത്തും. അതേപോലെ മലയാള കവിതാസാഹിത്യം, ഗദ്യസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നിവയേയും രണ്ടും മൂന്നും നാലും ഘട്ടങ്ങളിൽ അടയാളപ്പെടുത്തും. അക്ഷരം മ്യൂസിയത്തെ ലോകമ്യൂസിയങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരുന്ന തരത്തിലുള്ള ഉള്ളടക്കനിർമ്മാണമാണ് വരുംഘട്ടങ്ങളിൽ സാധ്യമാക്കുക. മനുഷ്യന്റെ അസ്തിത്വത്തെയും ജീവിതത്തെയും നിർണയിക്കുന്ന ഭാഷ എന്ന ആശയത്തെ, പ്രത്യയശാസ്ത്രത്തെ, പ്രയോഗത്തെ വിശദമായി അടയാളപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് തങ്ങളുടെ വർത്തമാനത്തിൽനിന്നുകൊണ്ട് ഭൂതകാല യാഥാർത്ഥ്യത്തിലേക്ക് സഞ്ചരിക്കാനാവും.