മധ്യഗാസയിലെ അല്‍ അഖ്സ ആശുപത്രിക്ക് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഗാസയില്‍ നിന്ന് കുടിയൊഴിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന ആശുപത്രിയിലെ ടെന്റുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. നാല് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍ അഖ്സ ആശുപത്രിക്ക് നേരെ നടക്കുന്ന ഏഴാമത്തെ ആക്രമണമായിരുന്നു ഇത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്.
ബോംബാക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ മുഴുവന്‍ തീപിടിക്കുകയും ദേര്‍ അല്‍ ബാലയില്‍ 70 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കിടക്കുന്നതാണ് താന്‍ കണ്ടതെന്നും അവരുടെ ജീവന്‍ രക്ഷിക്കാനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ക്യാമ്പിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അല്‍ അഖ്‌സയ്ക്ക് നേരെ ആക്രമണം നടത്തിയത് ഇസ്രയേല്‍ വ്യോമസേനയാണെന്ന് സെെനിക വക്താവ് അവിചയ് ആന്ദ്രേ സ്ഥിരീകരിച്ചു. ഹമാസിന്റെ നിയന്ത്രണത്തിലാണ് അല്‍ അഖ്സയെന്നാണ് ആന്ദ്രേയുടെ വിശദീകരണം.
ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ 10 പലസ്തീനികളാണ് മരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 62 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 42,289 പലസ്തീനികളാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 98,684ലധികം പേര്‍ക്ക് പരിക്കേറ്റു. 1000ത്തോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.