Site iconSite icon Janayugom Online

അല്‍ നസര്‍-ഗോവ ആവേശം; സാഡിയോ മാനെയും ജോവോ ഫെലിക്സും കളത്തിലിറങ്ങും

എഎഫ്‌സി ലീഗ് ഫുട്ബോളിൽ ആവേശ പോരാട്ടം. ലീഗ്-2 ഗ്രൂപ്പ് ഡി മത്സരത്തില്‍ എഎഫ്‌സി ഗോവ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറിനെ നേരിടും. ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.15 നാണ് മത്സരം. അല്‍ നസ്ര്‍ നിരയില്‍ ക്യാപ്റ്റനും പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടാകില്ലെന്നത് കാത്തിരുന്ന ആരാധകര്‍ക്ക് വലിയ തിരിച്ചടിയായി. അല്‍ നസറിന്റെ മറ്റ് വിദേശ സൂപ്പര്‍ താരങ്ങളായ സാഡിയോ മാനെയും ജോവോ ഫെലിക്സും അടക്കം മത്സരത്തില്‍ ഇറങ്ങും. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ക്രിസ്റ്റ്യാനോ തന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്കില്ലെന്ന തീരുമാനമെടുത്തത്. അല്‍ നസറിന്റെ മത്സരങ്ങള്‍ക്ക് പുറമേ പോര്‍ച്ചുഗലിനായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും അദ്ദേഹം കളിച്ചുവരികയാണ്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്-2ലെ അല്‍ നസറിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല. സൗദി അറേബ്യക്ക് പുറത്ത് നടക്കുന്ന അല്‍-നസറിന്റെ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിന് കരാര്‍ പ്രകാരം ക്രിസ്റ്റ്യാനോയ്ക്ക് ഇളവുണ്ട്. ഈ മത്സരങ്ങളില്‍ താരത്തിന് സ്വന്തമായി തീരുമാനമെടുക്കാം. ഇന്ത്യന്‍ ക്ലബ്ബിന്റെ നിരവധി അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നിട്ടും താരം പിന്മാറുകയായിരുന്നു. 

ക്രൊയേഷ്യൻ മധ്യനിര താരം മാഴ്‌സെലോ ബ്രോസോവിച്ചും ടീമിലില്ല. മുന്‍ ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക് താരമായ സാഡിയോ മാനെ, ചെല്‍സിയുടെ മുന്‍ താരം ജോവോ ഫെലിക്‌സ്, ഫ്രഞ്ച് വിംഗര്‍ കിംഗ്സ്ലി കോമാൻ, സ്‌പാനിഷ് സെൻട്രൽ ഡിഫൻഡര്‍ ഇനിഗോ മാർട്ടിനെസ് തുടങ്ങിയവര്‍ ടീമിലുണ്ട്. ഏഷ്യന്‍ ഫുട്‌ബോളിലെ രണ്ടാം നിര കോണ്ടിനെന്റല്‍ മത്സരമാണ് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്-2. ഗ്രൂപ്പ് ഡിയിലാണ് എഫ്‌സി ഗോവയും അല്‍ നസ്‌റും. ഇരു ടീമുകളും ഹോം-എവേ മാച്ചുകളിലായി രണ്ടുതവണ പരസ്പരം ഏറ്റുമുട്ടും. എഫ്‌സി ഗോവയുടെ ഹോം മാച്ചും മഡ്ഗാവിലും അല്‍ നസറിന്റെ മല്‍സരം റിയാദിലുമാണ്. എഫ്സി ഗോവയുമായുള്ള മത്സരത്തിന് ശേഷം ഒക്ടോബര്‍ 28ന് കിങ്‌സ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ അല്‍ നസര്‍ അല്‍ ഇത്തിഹാദിനെ നേരിടും. ഗ്രൂപ്പ് ഡിയില്‍ ഇതുവരെയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ച അല്‍ നസര്‍ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. എഫ്‌സി ഗോവ പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ്. സീസണിലെ ആദ്യ പോയിന്റ് തേടുകയാണവര്‍. മുന്‍ എഎഫ്‌സി കപ്പ് ജേതാക്കളായ അല്‍ സീബിനെ പരാജയപ്പെടുത്തിയാണ് എഫ്‌സി ഗോവ എസിഎല്‍ 2‑ലേക്ക് യോഗ്യത നേടിയത്. തുടര്‍ന്ന് നറുക്കെടുപ്പില്‍ അല്‍ നസ്‌റിനൊപ്പം ഗ്രൂപ്പ് ഡിയില്‍ ഇടംനേടി. ഇറാഖില്‍ നിന്നുള്ള അല്‍ സവ്‌റാ എസ്‌സി, താജിക്കിസ്ഥാന്റെ എഫ്‌സി ഇസ്തിക്‌ലോല്‍ എന്നീ ടീമുകളും ഗ്രൂപ്പ് ഡിയിലുണ്ട്. 2021 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച എഫ്‌സി ഗോവ ഇത് രണ്ടാം തവണയാണ് കോണ്ടിനെന്റല്‍ സ്റ്റേജില്‍ കളിക്കുന്നത്. അല്‍ നസര്‍ സൗദി പ്രോ ലീഗ്-2024–25ല്‍ മൂന്നാം സ്ഥാനത്താണ്. അല്‍ സവ്റ എസ്‌സി ഇറാഖ് സ്റ്റാര്‍സ് ലീഗ് 2024–25 റണ്ണര്‍അപ്പാണ്. താജിക്കിസ്ഥാന്‍ ഹയര്‍ ലീഗ് 2024 ചാമ്പ്യന്മാരാണ് എഫ്‌സി ഇസ്തിക്‌ലോല്‍. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്-2 ഗ്രൂപ്പ് ഘട്ടത്തില്‍ ഇടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ടീമാണ് എഫ്‌സി ഗോവ. 2024–25 ഐഎസ്എല്‍ ഷീല്‍ഡ് വിജയികളായ മോഹന്‍ ബഗാന്‍ ആണ് ആദ്യ ടീം. 

Exit mobile version