Site iconSite icon Janayugom Online

ആലപ്പുഴ നഗരസഭയിൽ ബജറ്റ് പോര്; പ്രതിഷേധവുമായി എൽഡിഎഫ്

വികസന പദ്ധതികളില്ലാത്ത ‘പകർത്തിയെഴുതിയ’ ബജറ്റാണെന്ന് ആരോപിച്ച് ആലപ്പുഴ നഗരസഭയിൽ എൽഡിഎഫ് കൗൺസിലർമാരുടെ ശക്തമായ പ്രതിഷേധം. ബജറ്റ് ചർച്ച അനുവദിക്കാത്തതിനെത്തുടർന്ന് ചെയർപേഴ്സന്റെ ചേമ്പർ ഉപരോധിച്ച എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് വി ജിവിഷ്ണു അടക്കമുള്ള ആറ് കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നഗരത്തിന്റെ വികസനത്തിനോ, ദാരിദ്ര്യനിർമാർജനത്തിനോ, മാലിന്യ സംസ്കരണത്തിനോ ഉതകുന്ന പുതിയ നിർദേശങ്ങളൊന്നും ബജറ്റിലില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വൈസ് ചെയർപേഴ്സൺ ജോസ് ചെല്ലപ്പൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ചർച്ച വേണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം അതിന് തയ്യാറായില്ല. 

മുൻ ബജറ്റുകളിലെ പദ്ധതികൾ കുത്തിനിറച്ച അപ്രായോഗിക ബജറ്റാണിതെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ ബജറ്റ് പകർപ്പുകൾ ചവിറ്റുകൊട്ടയിൽ നിക്ഷേപിച്ച് പ്രതിഷേധിച്ചു. ബജറ്റ് അവതരണത്തിന് ശേഷം ചർച്ച ഉച്ചയ്ക്ക് ശേഷമെന്ന് അറിയിച്ച് ചെയർപേഴ്സൺ മോളി ജേക്കബ് മടങ്ങിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. കൗൺസിൽ ഹാളിന് പുറത്തിറങ്ങാൻ ശ്രമിച്ച ചെയർപേഴ്സണെ പ്രതിപക്ഷം തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ഒന്നാം നിലയിലെ ചെയർപേഴ്സന്റെ ചേമ്പറിന് മുന്നിൽ എൽഡിഎഫ് അംഗങ്ങൾ ഉപരോധം ഏർപ്പെടുത്തി. ചെയർപേഴ്സന്റെ ആവശ്യപ്രകാരമെത്തിയ പൊലീസ് സംഘം സമാധാനപരമായി സമരം ചെയ്ത കൗൺസിലർമാരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. 

വിജി വിഷ്ണു, ടിആർ രാജേഷ്, ഒ പി ഷാജി, പികെ ഫൈസൽ, ജി ശ്രീജിത്ത്, ആർ രാകേഷ് എന്നിവർ അറസ്റ്റിലായി.
കൗൺസിലർമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വനിതാ കൗൺസിലർമാരുടെ നേതൃത്വത്തിൽ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Exit mobile version