ഇന്ത്യയിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ഭയാനകമായ രീതിയിൽ വർധിക്കുന്നതായി ഔദ്യോഗിക കണക്കുകൾ. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട 2016 മുതൽ 2023 വരെയുള്ള കണക്കുകൾ പ്രകാരം, ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ഏഴ് വർഷത്തിനുള്ളിൽ ഏകദേശം ഇരട്ടിയായി വർധിച്ചു. 2016ൽ 36,022 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2023 ആയപ്പോഴേക്കും ഇത് 67,694 ആയി ഉയർന്നു. ഇരകളുടെ എണ്ണം 36,321ൽ നിന്ന് 68,636 ആയും വർധിച്ചു. കുട്ടികൾക്കെതിരായ ആകെ കുറ്റകൃത്യങ്ങളിൽ 40 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2016ൽ ഒരു ലക്ഷമായിരുന്ന കേസുകൾ 2023ൽ 1.77 ലക്ഷമായി ഉയർന്നു.
ബാല പീഡനത്തിന് ഇരയാകുന്നവരിൽ 99 ശതമാനത്തിലധികവും പെൺകുട്ടികളാണ്. 2018 മുതൽ 2023 വരെയുള്ള കണക്കനുസരിച്ച് 1.87 ലക്ഷം പെൺകുട്ടികളും 1,920 ആൺകുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയായി. അതിക്രമത്തിന് ഇരയാകുന്നവരിൽ പകുതിയിലധികവും 16 നും 18 നും ഇടയിൽ പ്രായമുള്ളവരാണ് (95,543 പേർ). ഇതിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. വിദ്യാഭ്യാസത്തിനായും ജോലിക്കായും വീടുവിട്ട് ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടി വരുന്നതാണ് ഈ പ്രായത്തിലുള്ള കുട്ടികൾ കൂടുതൽ അപകടസാധ്യത നേരിടാൻ കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമത്. 2023ൽ മാത്രം 4,672 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശ് (3,893), ഉത്തർപ്രദേശ് (3,855), തമിഴ്‌നാട് (3,465) എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നാലെയുണ്ട്.
കുട്ടികൾക്കെതിരായ ആകെ കുറ്റകൃത്യങ്ങളിൽ ഏറിയ പങ്കും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടതാണ് (5.32 ലക്ഷം കേസുകൾ). ഇതിൽ അഞ്ചിലൊന്ന് കേസുകളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിത വിവാഹത്തിനായി തട്ടിക്കൊണ്ടുപോകുന്നതാണ്. 2023ലെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിനം ശരാശരി 40 പെൺകുട്ടികൾ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോകപ്പെടുന്നുണ്ട്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി നിയമങ്ങൾ കർശനമാക്കിയിട്ടുണ്ടെങ്കിലും കേസുകളുടെ എണ്ണം വർധിക്കുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നതെന്ന് വിവിധ സംഘടനകള്‍ പറയുന്നു.

