വിംബിള്‍ഡണില്‍ പുതുചാമ്പ്യന്റെ താരോദയം. സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിനെ മലര്‍ത്തിയടിച്ച് സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍ക്കാരസ് തന്റെ കന്നി വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ടു. 24-ാം ഗ്രാന്‍ഡ്സ്‌ലാം നേട്ടം മുന്നില്‍ക്കണ്ട് ഫൈനലിനിറങ്ങി അജയ്യനായി കുതിച്ച ദ്യോക്കോവിച്ചിനെതിരെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് തോല്പിച്ചത്. സ്കോര്‍: 1–6, 7–6, 6–1, 3–6, 6–4. നാല് മണിക്കൂറും 46 മിനിറ്റും നീണ്ടുനിന്ന തകര്‍പ്പന്‍ പോരാട്ടത്തിനൊടുവിലാണ് നിലവിലെ ഒന്നാം നമ്പര്‍ താരമായ അല്‍ക്കാരസ് കിരീടം നേടിയത് ലോക ഒന്നാം നമ്പര്‍ താരമായ അല്‍ക്കാരസിന്റെ രണ്ടാം ഗ്രാന്‍ഡ്‌സ്‌ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണും അല്‍ക്കാരസിനായിരുന്നു.
വിംബിള്‍ഡണില്‍ എട്ടാം കിരീടവും 24-ാം ഗ്രാന്‍ഡ്സ്‌ലാം നേട്ടവും ലക്ഷ്യമിട്ടാണ് ദ്യോക്കോവിച്ച് ഇറങ്ങിയത്. ആദ്യ സെറ്റില്‍ താരം സൂചന നല്‍കുകയും ചെയ്തു. അല്‍ക്കാരസ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. രണ്ടാം സെറ്റില്‍ ടൈബ്രേക്കറില്‍ അല്‍ക്കാരസ് സെറ്റ് പിടിച്ചു. മൂന്നാം സെറ്റിലും സ്പാനിഷ് താരത്തിന്റെ ആധിപത്യം. എന്നാല്‍ നാലാം സെറ്റില്‍ ദ്യോക്കോവിച്ച് തിരിച്ചടിച്ചു. 3–6ന് സെറ്റ് കയ്യില്‍. കലാശപ്പോര് അവസാനസെറ്റിലേക്ക് നീണ്ടു. 6–4 നാണ് അവസാനസെറ്റ് അൽക്കാരസ് സ്വന്തമാക്കിയത്.
20കാരനായ അല്‍ക്കാരസ് തുടക്കം മുതല്‍ ശക്തമായ വെല്ലുവിളിയാണ് ദ്യോക്കോവിച്ചിനുയര്‍ത്തിയത്. നേര്‍ക്കുനേര്‍ കണക്കിലെ ആധിപത്യം ദ്യോക്കോവിച്ചിനെ തുണച്ചില്ല. ഇതിഹാസ താരത്തിന്റെ അനുഭവസമ്പത്തിന് മുകളിലായിരുന്നു അല്‍ക്കാരസ് എന്ന യുവതാരത്തിന്റെ പോരാട്ട വീര്യം. അടുത്ത ഇതിഹാസ താരം താനായിരിക്കുമെന്ന് അടിവരയിടുന്ന പ്രകടനമാണ് സ്പാനിഷ് താരം കാഴ്ചവച്ചത്. ഇത്തവണ കിരീടം നേടിയിരുന്നെങ്കില്‍ റോജര്‍ ഫെഡററുടെ എട്ട് വിംബിള്‍ഡണ്‍ കിരീടമെന്ന റെക്കോഡിനൊപ്പമെത്താന്‍ ദ്യോക്കോവിച്ചിന് സാധിക്കുമായിരുന്നു.
English Summary:Alcaraz wins Wimbledon title after defeating Djokovic
You may also like this video