യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കിരീടം സ്വന്തമാക്കി സ്പെയിന്‍ താരം കാര്‍ലോസ് അല്‍ക്കാരസ്. ഫൈനലില്‍ നിലവിലെ ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെ പരാജയപ്പെടുത്തിയാണ് അല്‍ക്കാരസിന്റെ ഗ്രാന്‍ഡ് സ്ലാം നേട്ടം. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം. സ്കോര്‍ 2–6, 6–3, 1–6, 4–6. ജയത്തോടെ അല്‍ക്കാരസ് റാങ്കിങ്ങില്‍ ഒന്നാമതെത്തി. താരത്തിന്റെ കരിയറിലെ ആറാം ഗ്രാന്‍ഡ്‌സ്ലാം കിരീടമാണിത്. ഈ സീസണിലെ രണ്ടാം ഗ്രാന്‍ഡ്‌സ്ലാമും. ആറ് ഗ്രാന്‍ഡ്‌സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 21 കാരനായ അല്‍ക്കാരസ് സ്വന്തമാക്കി. റാഫേല്‍ നദാലിനെ മറികടന്നാണ് നേട്ടം. യുഎസ് ഓപ്പണിലെ രണ്ടാമത്തെ വിജയമാണ് അല്‍ക്കാരസിന്റേത്. 2022ല്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ തോല്‍പ്പിച്ചുകൊണ്ടാണ് ആദ്യ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ആദ്യ ഗെയിം മുതല്‍ തന്നെ അല്‍ക്കാരസ് മത്സരത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നു. തുടര്‍ച്ചയായ സമ്മര്‍ദ്ദത്തില്‍ യാനിക് സിന്നര്‍ പതറുകയായിരുന്നു. ആദ്യ സെറ്റില്‍ 6–2ന് അല്‍ക്കാരസ് വിജയിച്ചെങ്കില്‍ രണ്ടാമത്തെ സെറ്റില്‍ 6–3ന് സിന്നറാണ് വിജയിച്ചത്. എന്നാല്‍ മൂന്നാം സെറ്റില്‍ വീണ്ടും കളി അല്‍ക്കാരസ് തന്നെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. 0–5ന് മുന്നിലെത്തി 29 മിനിറ്റില്‍ മൂന്നാം സെറ്റ് അവസാനിക്കുമ്പോള്‍ 1–6ന് അല്‍ക്കാരസ് വിജയിച്ചു.
നാലാം സെറ്റില്‍ 2–2 എന്ന നിലയില്‍ ശക്തമായ മത്സരമാണ് ഇരു താരങ്ങളും മുന്നോട്ട് ച്ചെത്. എന്നാല്‍ കളി അവസാനിക്കുമ്പോഴേക്കും ആധിപത്യം തിരിച്ചുപിടിച്ച അല്‍ക്കാരസ് 6–4 എന്ന നിലയില്‍ നാലാം സെറ്റും വിജയിച്ചു.
മൂന്നാം തവണയാണ് ഈ വര്‍ഷം ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ അല്‍ക്കാരസും സിന്നറും നേര്‍ക്കുനേര്‍ വന്നത്. ഒരു സീസണിലെ മൂന്ന് ഗ്രാൻഡ്‍സ്ലാം ഫൈനലുകളിൽ ഒരേ പുരുഷ താരങ്ങൾ നേർക്കുനേർ വരുന്നത് ടെന്നിസ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ്. ഈ വർഷം ആദ്യം, ഫ്രഞ്ച് ഓപ്പണിൽ സിന്നറിനെ പരാജയപ്പെടുത്തി താരം കിരീടം നേടിയിരുന്നു. വിംബിൾഡൺ ഫൈനലിൽ സിന്നറിനോട് തോല്‍ക്കുകയും ചെയ്തു. 2023 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് അല്‍ക്കാരസ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
വനിതാ സിംഗിൾസ് കിരീടം ബെലാറൂസിന്റെ അരീന സബലെങ്ക സ്വന്തമാക്കിയിരുന്നു. ഫൈനലിൽ യുഎസ് താരം അമാൻഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് 3–6, 6–7 (3–7) വീഴ്‌ത്തിയാണ് സബലേങ്ക കിരീടം ചൂടിയത്. സെറീന വില്യംസിനു ശേഷം തുടർച്ചയായി രണ്ടു തവണ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ താരമായും സബലെങ്ക മാറിയിരുന്നു.

