Site iconSite icon Janayugom Online

കോവിഡ് ലോക്ഡൗണില്‍ മദ്യ ഉപയോഗം വര്‍ധിച്ചു: കരള്‍ രോഗബാധിതരുടെ എണ്ണവും കൂടി

liverliver

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, മനുഷ്യരെ മറ്റ് നിരവധി പ്രശ്നങ്ങളിലേക്ക് തള്ളിവിട്ടതായാണ് അടുത്തിടെ പുറത്തുവരുന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ കരള്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് ഇതില്‍ പ്രധാനപ്പെട്ടത്. മഹാമാരി കാലത്ത് കരള്‍ രോഗികളുടെ എണ്ണത്തില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധനവുണ്ടായതാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ലഹരിയുടെ ഉപയോഗത്തിലുണ്ടായ വര്‍ധനയും ലോക്ഡൗണ്‍ കാലത്തുണ്ടായ അമിതവണ്ണവും ഉദാസീനതയുമാണ് കരള്‍ രോഗികളുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണമായി പറയുന്നത്. ലഹരി ഉപയോഗിക്കാതെ തന്നെയുണ്ടാകുന്ന ഫാറ്റി ലിവര്‍ (എന്‍എഎഫ്എല്‍ഡി) എന്ന അവസ്ഥയുണ്ടാകുന്നവരുടെ എണ്ണവും ഇക്കാലയളവില്‍ വര്‍ധിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു.
കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടിയുണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, ലഹരി ഉപഭോഗം തുടങ്ങിയവയാണ് ഫാറ്റി ലിവറിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. ഹെപ്പറ്റൈറ്റിസ് ബി രോഗബാധയും ഗുരുതരമായ കരള്‍ രോഗത്തിന് കാരണമാകുന്നു. കോവിഡ് രോഗമുക്തരായവരില്‍ കരള്‍ കാന്‍സര്‍ കൂടിവരുന്നതായും പഠനങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആധികാരികമായ തെളിവുകളില്ലെന്നും പഠനത്തില്‍ പറയുന്നു.

ഫാറ്റി ലിവര്‍ രോഗികളുടെ എണ്ണത്തില്‍ പത്തുമുതല്‍ 15 ശതമാനം വരെ വര്‍ധന ഉണ്ടായെന്നും ലോക്ഡൗണ്‍ കാലത്തെ ജീവിതചര്യകളാണ് ഇതിന് കാരണമായതെന്നും കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ഡൈജെസ്റ്റീവ് ഡിസീസസിലെ ഗാസ്ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. സൗവിക് മിത്ര പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ കഴിയാതിരുന്നതോടെ ഹെപ്പറ്റൈറ്റിസ് എ പോലുള്ള രോഗാവസ്ഥ വ്യാപിക്കുന്നതായും മിത്ര പറഞ്ഞു. ലഹരി ഉപയോഗത്തെ തുടര്‍ന്ന് രോഗാവസ്ഥയിലെത്തിയവരില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെയുള്ളവര്‍ക്ക് കരള്‍ മാറ്റിവയ്ക്കേണ്ടിവരുന്നു, മഹാമാരി തുടങ്ങിയതില്‍ പിന്നെ നിരവധി രോഗബാധിതരാണ് ചികിത്സയ്ക്ക് എത്തുന്നത്. ഇവരില്‍ ഏറെപ്പേരും ചെറുപ്പക്കാരാണെന്നും മിത്ര പറയുന്നു.
കഴിഞ്ഞ വര്‍ഷം 300 കരള്‍ മാറ്റ ശസ്ത്രക്രിയകളാണ് നടത്തിയത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ കരള്‍മാറ്റിവയ്ക്കല്‍ കണക്കാണിതെന്ന് സെന്റര്‍ ഫോര്‍ ലിവര്‍ ആന്റ് ബിലിനറി സയന്‍സസ് ചെയര്‍മാന്‍ ഡോ. സുഭാഷ് ഗുപ്ത പറഞ്ഞു.

Eng­lish Sum­ma­ry: Alco­hol con­sump­tion increased in covid lock­down: The num­ber of liv­er patients also increased

You may like this video also

Exit mobile version