മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാൻ അനുമതി നല്‍കണമെന്ന ബിവറേജസ് കോര്‍പറേഷന്റെ (ബെവ്കോ) ശുപാര്‍ശയ്ക്ക് ചിയേഴ്സ് പറയാതെ സര്‍ക്കാരും എക്സൈസ് മന്ത്രി എം ബി രാജേഷും. ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരിയാണ് ഓണ്‍ലൈനായി മദ്യവില്‍പനയ്ക്കുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതിനായി വികസിപ്പിക്കുന്ന മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിലാണെന്നും എംഡി പറഞ്ഞിരുന്നു. എന്നാല്‍ ഓണ്‍ലൈനിലൂടെ മദ്യവിൽപനയ്ക്ക് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എടുത്തുചാടി സര്‍ക്കാര്‍ തീരുമാനം എടുക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
23 വയസിന് മുകളിലുള്ളവര്‍ക്ക് ഓണ്‍ലൈൻ വഴി മദ്യം നല്‍കാൻ അനുമതി തേടിയുള്ളതാണ് ബെവ്കോയുടെ ശുപാര്‍ശ. ഓൺലൈനിൽ ബുക്ക് ചെയ്യുന്ന ആളിന്റെ വീട്ടിലെത്തി തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് മദ്യം കൈമാറുന്ന തരത്തിലാണ് ശുപാര്‍ശ. ബുക്ക് ചെയ്ത് ആളില്ലെങ്കിൽ പകരം വാങ്ങുന്നയാള്‍ക്കും 23 വയസായില്ലെങ്കിൽ മദ്യം ഡെലിവറി ചെയ്യില്ലെന്നും ശുപാര്‍ശയില്‍ പറയുന്നു. ഓണ്‍ലൈൻ മദ്യവില്പനയ്ക്കായി ഓണ്‍ലൈൻ ഭക്ഷണവിതരണക്കാരായ സ്വിഗ്ഗി കമ്പനി സന്നദ്ധത അറിയിച്ചെന്നും എംഡി വെളിപ്പെടുത്തി.
എന്നാല്‍, സംസ്ഥാനത്ത് മന്ത്രിസഭ അംഗീകരിച്ച ഒരു മദ്യനയമുണ്ട്. അതില്‍നിന്ന് വ്യതിചലിക്കാനാവില്ല. ഓൺലൈൻ മദ്യവിൽപനയ്ക്കുള്ള ശുപാര്‍ശ മുമ്പും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അപ്പോഴെല്ലാം സാമൂഹിക സാഹചര്യം കണക്കിലെടുത്ത് തള്ളുകയായിരുന്നു. മദ്യവര്‍ജനം നയമായി സ്വീകരിച്ചിരിക്കുന്നതിനാല്‍ തന്നെ ഓണ്‍ലൈൻ വഴി മദ്യം നല്‍കി വിമര്‍ശനങ്ങള്‍ക്ക് ഇട നല്‍കേണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നതിനാല്‍ അനാവശ്യ വിവാദങ്ങള്‍ക്കു് വഴിമരുന്നിടാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.

