നഗരത്തിലെ ഐടി മേഖല കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന വനിതാ സോഫ്റ്റ്‌വെയർ എൻജിനീയറും കാമുകനും പിടിയിൽ. പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയും സുഹൃത്തുമാണ് ഹൈദരാബാദ് പൊലീസിന്റെ നാർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.
ഇവരിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരിമരുന്നുകൾ പൊലീസ് പിടിച്ചെടുത്തു. ജോലിയിൽ നിന്നുള്ള വരുമാനത്തിന് പുറമെ ആഡംബര ജീവിതം നയിക്കുന്നതിനായുള്ള പണം കണ്ടെത്താനാണ് ഇവർ ലഹരി വിൽപനയിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവിൽ നിന്നാണ് ഇവർ പ്രധാനമായും ലഹരിമരുന്ന് എത്തിക്കുന്നത്. ഐടി ജീവനക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനം. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി അതീവ രഹസ്യമായായിരുന്നു ഇടപാടുകൾ നടത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് ചിക്കഡപ്പള്ളി പൊലീസും ടാസ്ക് ഫോഴ്സും സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിയിലായ യുവതിയും കാമുകനും ലഹരിമരുന്നിന് അടിമകളാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
വീട്ടിൽ സൂക്ഷിച്ച നിലയിൽ എൽഎസ്ഡി സ്റ്റാമ്പുകൾ, എംഡിഎംഎ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തിയിട്ടുണ്ട്. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന വലിയൊരു ശൃംഖല പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം. ബെംഗളൂരു ആസ്ഥാനമായുള്ള ലഹരി മാഫിയയുമായുള്ള ഇവരുടെ ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നഗരത്തിലെ മറ്റ് ഐടി ഉദ്യോഗസ്ഥർക്കും ഈ സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

