സംസ്ഥാനത്ത് വേനൽ മഴ സാധാരണ നിലയിൽ. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 167.4 മില്ലി മീറ്റർ മഴ ലഭിച്ചു. ഇതേകാലയളവിൽ ലഭിക്കേണ്ടിയിരുന്ന മഴയുടെ ലഭ്യത 13 ശതമാനത്തോളം കുറവാണെങ്കിലും വേനൽ മഴ സാധാരണ നിലയിലാണ്. 193.3 മില്ലീ മീറ്റർ മഴയാണ് ഇന്നലെ വരെ ലഭിക്കേണ്ടിയിരുന്നത്.
അതേസമയം സംസ്ഥാനത്ത് ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ അടുത്ത രണ്ട് ദിവസവും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ഇടുക്കിയിൽ ഇത്തവണ വേനൽമഴ 19 ശതമാനം കൂടുതലാണ്. 309.2 മില്ലി മീറ്റർ മഴയാണ് മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ ഇടുക്കിയിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്. 27 ശതമാനമാണ് മഴയുടെ അധിക ലഭ്യത. സാധാരണയായി 252.1 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 312.2 മില്ലീ മീറ്റർ മഴ ഇന്നലെ വരെ രേഖപ്പെടുത്തിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. പത്തനംതിട്ട ജില്ലയിലും രണ്ട് ശതമാനം അധിക മഴ രേഖപ്പെടുത്തി. എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിൽ മഴയുടെ ലഭ്യത സാധാരണ നിലയിലാണ്. കണ്ണൂർ, കാസർ ഗോഡ്, കോഴിക്കോട് ജില്ലകളിലാണ് വേനൽ മഴ ഏറ്റവും കുറവ്. വേനൽ മഴയിൽ കണ്ണൂരിൽ 89 ശതമാനത്തിന്റെ കുറവുണ്ട്. കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ 82 ശതമാനവും മഴ കുറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ 27ഉം മലപ്പുറത്ത് 35 ശതമാനത്തിന്റെയും മഴക്കുറവ് രേഖപ്പെടുത്തി.
English Summary; alert rain updates
You may also like this video