ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം സർവ്വകലാശാലാ ക്യാമ്പസിനുള്ളിൽ അധ്യാപകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. സർവ്വകലാശാലയിലെ എബികെ സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ റാവു ഡാനിഷ് അലിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ ക്യാമ്പസിലെ മൗലാനാ ആസാദ് ലൈബ്രറിക്ക് സമീപമുള്ള കാന്റീനിന് അടുത്തുവെച്ചായിരുന്നു സംഭവം.
സഹപ്രവർത്തകർക്കൊപ്പം രാത്രി നടക്കാനിറങ്ങിയതായിരുന്നു ഡാനിഷ് അലി. ഇതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ ഡാനിഷിന് നേരെ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

