Site iconSite icon Janayugom Online

എല്ലാ വിവാഹമോചന കേസുകളിലും ജീവനാംശം അനുവദിക്കാനാവില്ല; തീരുമാനം സ്വയംപര്യാപ്തത പരിഗണിച്ചെന്ന് ഡല്‍ഹി ഹൈക്കോടതി

വിവാഹമോചന സമയത്ത് സാമ്പത്തിക ഭദ്രതയുള്ള പങ്കാളിക്ക് ജീവനാംശം അനുവദിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി. ജീവനാംശം അനുവദിക്കുന്നത് ‘ഓട്ടോമാറ്റിക്’ ആയ പ്രക്രിയ അല്ലെന്നും പങ്കാളി “സാമ്പത്തികമായി സ്വയംപര്യാപ്തയാണെങ്കിൽ” അനുവദിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ ഗ്രൂപ്പ് ‘എ’ ഓഫീസറായ യുവതി ജീവനാംശം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. 

അഭിഭാഷകനായ ഭർത്താവിൽ നിന്ന് സ്ഥിരമായ ജീവനാംശവും നഷ്ടപരിഹാരവുമാണ് വിവാഹ മോചന സമയത്ത് യുവതി ആവശ്യപ്പെട്ടത്. 2010‑ൽ വിവാഹിതരായ ദമ്പതികൾ ഒരു വർഷം മാത്രമാണ് ഒരുമിച്ച് കഴിഞ്ഞത്. 2023 ഓഗസ്റ്റിലാണ് വിവാഹബന്ധം വേർപെടുത്തിയത്. ഭർത്താവിനോട് താൻ ക്രൂരത കാണിച്ചു എന്ന കുടുംബ കോടതിയുടെ നിരീക്ഷണത്തെ ചോദ്യം ചെയ്തും ഇതിന്‍റെ അടിസ്ഥാനത്തിൽ ജീവനാംശം നിഷേധിച്ചതിനെതിരെയും ആണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

യുവതിക്ക് വിവാഹമോചനത്തോട് എതിർപ്പുള്ളതായി തോന്നുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, യുവതി സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് വിലയിരുത്തി. വിവാഹബന്ധം വേർപെടുത്തുന്നതിനെ എതിർക്കുന്നു എന്ന് പറയുമ്പോൾ തന്നെ, നിശ്ചിത തുക ലഭിച്ചാൽ വിവാഹമോചനത്തിന് സമ്മതിക്കാം എന്നാണ് പറയുന്നത്.

Exit mobile version