Site iconSite icon Janayugom Online

ജീവനാംശം ശിക്ഷയായി മാറരുത് : എട്ട് മാനദണ്ഡങ്ങള്‍ മോന്നോട്ട് വെച്ച് സുപ്രീംകോടതി

ബംഗലൂരുവില്‍ ടെക്കി അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ വിവാഹമോചന കേസുകളില്‍ ജീവനാംശം നിശ്ചയിക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് സുപ്രീംകോടതി. എട്ടു മാനദണ്ഡങ്ങളാണ് കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഭാര്യയും ഭാര്യ വീട്ടുകാരും നിരന്തരം പീഡിപ്പിക്കുകയാണെന്നും, തനിക്കും വീട്ടുകാര്‍ക്കുമെതിരെ കേസുകള്‍ ചുമത്തി പണം തട്ടുകയാണെന്നും ആരോപിച്ചാണ് 34 കാരനായ അതുല്‍ സുഭാഷ് ജീവനൊടുക്കിയത്.

വിവാഹമോചന കേസ് തീര്‍പ്പാക്കുകയും ജീവനാംശ തുക തീരുമാനിക്കുകയും ചെയ്യുമ്പോള്‍, വിവാഹമോചനത്തിന് ശേഷമുള്ള ഒരു സ്ത്രീയുടെ ജീവനാംശം നിര്‍ണ്ണയിക്കാന്‍ എട്ട് പോയിന്റുകളുള്ള ഫോര്‍മുലയാണ് കോടതി മുന്നോട്ടു വെച്ചിട്ടുള്ളത്. ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് പ്രസന്ന വി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

സുപ്രീംകോടതി മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ ഇവയാണ് 

1. ഭാര്യാഭര്‍ത്താക്കന്മാരുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ.
2. ഭാവിയില്‍ ഭാര്യയുടെയും കുട്ടികളുടെയും അടിസ്ഥാന ആവശ്യങ്ങള്‍.
3. രണ്ട് കക്ഷികളുടെയും യോഗ്യതകളും തൊഴില്‍ നിലയും
4. രണ്ട് വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വരുമാന സ്രോതസ്സുകളും ആസ്തികളും.
5. ഭര്‍തൃ വീട്ടില്‍ താമസിക്കുമ്പോള്‍ ഭാര്യ പുലര്‍ത്തിയ ജീവിതനിലവാരം.
6. ഭാര്യയുടെ തൊഴില്‍ നില. കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഭാര്യയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നോ എന്നകാര്യവും പരിഗണിക്കണം
7. ജോലി ചെയ്യുന്നില്ലെങ്കില്‍ ഭാര്യയുടെ നിയമപരമായ ചെലവുകള്‍ വഹിക്കാന്‍ ന്യായമായ തുക.
8. ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതി, അവന്റെ വരുമാനം, മറ്റ് ഉത്തരവാദിത്തങ്ങള്‍, മെയിന്റനന്‍സ് അലവന്‍സ് അനുവദിക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ട് എന്നിവ പരിഗണിക്കണം.
രാജ്യത്തെ എല്ലാ കോടതികളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ ജീവനാംശം വിധിക്കുന്നതിനുള്ള മാര്‍ഗരേഖയായി കണക്കാക്കണം. ജീവനാംശം വിധിക്കുന്നത് ഭര്‍ത്താവിനെ ശിക്ഷിക്കുന്ന തരത്തിലാകരുത്. അതേസമയം ഭാര്യയ്ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നത് ആയിരിക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്. 

Exit mobile version