Site icon Janayugom Online

വാട്ടര്‍ മെട്രോയുടെ ആദ്യഘട്ട സര്‍വീസിന് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി

വാട്ടര്‍ മെട്രോയുടെ ആദ്യഘട്ട സര്‍വീസിന് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ. ഹൈക്കോര്‍ട്ട്, വൈപ്പിന്‍, ബോള്‍ഗാട്ടി ബോട്ട് ജെട്ടികളുടെ നിര്‍മാണം പൂര്‍ത്തിയായി, സാങ്കേതിക അനുമതികളും ലഭിച്ചു. മൂന്ന് ജെട്ടികളും സര്‍വീസിന് സജ്ജമായിക്കഴിഞ്ഞു. ഉദ്ഘാടന തീയതി സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യഘട്ട സര്‍വീസിന് അഞ്ച് ബോട്ടുകളാണുണ്ടാവുക. അടിയന്തിര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മറ്റൊരു ബോട്ടും തയാറായിട്ടുണ്ട്.

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഈ ബോട്ടുകള്‍ നേരത്തെ തന്നെ കെഎംആര്‍എലിന് കൈമാറിയിരുന്നു. ഡിസംബര്‍ അവസാനത്തോടെ അഞ്ച് ബോട്ടുകള്‍ കൂടി നിര്‍മാണം പൂര്‍ത്തിയാക്കി സര്‍വീസിന് ലഭ്യമാവും. വാട്ടര്‍മെട്രോയുടെ രണ്ടാംഘട്ടം എവിടെ നിന്നാണ് ഇപ്പോള്‍ പറയാനാവില്ലെന്നും, യാത്രക്കാരുടെ എണ്ണം, കായലിലെ തടസങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യം തീരുമാനിക്കുകയെന്നും എം.ഡി പറഞ്ഞു.

ആകെ 38 ജെട്ടികളുണ്ടാണ് വാട്ടര്‍ മെട്രോയ്ക്കുണ്ടാവുക. ഇതില്‍ വൈറ്റിലയിലും കാക്കനാടുമുള്ള ടെര്‍മിനലുകള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു 76 കിലോമീറ്റര്‍ നീളത്തില്‍ കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ചാണ് 78 ബോട്ടുകള്‍ സര്‍വീസ് നടത്തുക. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന 23 ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് 2021 ഡിസംബറില്‍ കെഎംആര്‍എലിന് കൈമാറിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ട്രയല്‍ റണ്ണും നടത്തി. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ബോട്ടിന് മണിക്കൂറില്‍ 10 നോട്ടിക്കല്‍മൈല്‍ ആണ് വേഗത. ഒരേസമയം 50 പേര്‍ക്ക് ഇരുന്നും 50 നിന്നും യാത്ര ചെയ്യാം. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

Eng­lish Summary:All arrange­ments are com­plete for the first phase of water metro service
You may also like this video

Exit mobile version