Site iconSite icon Janayugom Online

എല്ലാ ഗുണഭോക്താക്കളും റേഷൻ വിഹിതം കൈപ്പറ്റണം; മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്തെ എല്ലാ റേഷൻ ഗുണഭോക്താക്കളും തങ്ങളുടെ അർഹമായ വിഹിതം യഥാസമയം കൈപ്പറ്റേണ്ടതാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് വെള്ള, നീല, പിങ്ക് കാർഡുകാർക്ക് സ്പെഷ്യൽ അരി ലഭ്യമാക്കിയിട്ടുണ്ട്. നോൺ പ്രയോരിറ്റി നോൺ സബ്ലിഡി (വെള്ള കാർഡ്) വിഭാഗത്തിന് 15 കിലോഗ്രാമും നോൺ പ്രയോരിറ്റി സബ്സിഡി (നീല കാർഡ്) വിഭാഗത്തിന് 10 കിലോഗ്രാമും പിഎച്ച്എച്ച് (പിങ്ക് കാർഡ് വിഭാഗത്തിന് അഞ്ച് കിലോഗ്രാമും വീതം അരിയാണ് ഓണത്തിന് സ്പെഷ്യലായി 10. 90 രൂപ നിരക്കിൽ റേഷൻ കടകൾ വഴി ലഭ്യമാക്കിയിട്ടുള്ളത്.

ഓരോ വിഭാഗത്തിനും അർഹമായ പ്രതിമാസ വിഹിതത്തിന് പുറമെയാണ് ഇത് ലഭിക്കുക. ഓഗസ്റ്റ് മാസത്തിലെ വിഹിതവും സ്പെഷ്യൽ അരിയും സെപ്റ്റംബർ നാല് വരെ കൈപ്പറ്റാം.
പൊതുവിപണിയിലും റേഷൻകടകളിലും ഓണക്കാലത്ത് തീവ്ര പരിശോധന നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രമക്കേടുകളോ തിരിമറികളോ മറ്റ് വിധത്തിലുള്ള നിയമലംഘനങ്ങളോ കണ്ടെത്തുകയാണെങ്കിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

 

Exit mobile version