Site icon Janayugom Online

ചരിത്ര സ്മാരകങ്ങളെല്ലാം ഇനി സ്വകാര്യ മേഖലയിലേക്ക്

ചെങ്കോട്ടയ്ക്ക് പുറമെ കൂടുതല്‍ ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ മേഖലയിലേക്ക് നീങ്ങാന്‍ സാധ്യത. കൂടുതല്‍ ഫണ്ടും സ്മാരകങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ ഫണ്ടും സുരക്ഷയ്ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവിധ രാജവംശങ്ങള്‍, മതം-പാരമ്പര്യം ഇവയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ തുടങ്ങി ഇന്ത്യയുടെ സാസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നതാണ് ഇന്ത്യയുടെ ചരിത്ര‑പൈതൃക സ്മാരകങ്ങള്‍. ഇന്ത്യന്‍ വാസ്തുവിദ്യ, കോട്ടകൊത്തളങ്ങളും മിനാരങ്ങളും, ശിലാ ലിഖിതങ്ങള്‍, ശവകുടീരങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ചരിത്രവും ജീവിതവും വിളിച്ചോതുന്ന ഇവ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) യുടെ മേല്‍നോട്ടത്തിലാണ് സംരക്ഷിച്ചുവരുന്നത്.

പൈതൃക സ്മാരകങ്ങളെ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാന്‍ ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പൈതൃക സ്മാരകങ്ങള്‍ ദത്തെടുക്കൂ എന്ന പദ്ധതി പ്രകാരം ചെങ്കോട്ട 25 കോടി രൂപയ്ക്ക് 2018 ല്‍ അഞ്ച് വര്‍ഷത്തേക്ക് ഡാല്‍മിയക്ക് നല്‍കിയിരുന്നു. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം ബാധ്യതയാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചെങ്കോട്ടയുടെ കൈമാറ്റം. ഇത്തരത്തില്‍ സ്മാരകങ്ങളെ സ്വകാര്യ കുത്തകകളുടെ വിഹാര വേദിയാക്കാന്‍ പരോക്ഷമായി അവസരമൊരുക്കുന്ന റിപ്പോര്‍ട്ടാണ് പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ചിരിക്കുന്നത്.

കൂടാതെ എഎസ്ഐക്കു കീഴിലുള്ള സ്മാരകങ്ങളിലെ മതപരമായി പ്രാധാന്യമുള്ളവയില്‍ ആരാധനയ്ക്ക് അവസരം ഒരുക്കുന്നകാര്യം പരിഗണിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. എഎസ്ഐയുടെ പ്രവര്‍ത്തനം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പോരായ്കകള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് വിനിയോഗത്തില്‍ വീഴ്ചകള്‍ ഉണ്ടെന്നും സിഎജി പരാമര്‍ശിച്ചിരുന്നു. രാജ്യത്തെ സംരക്ഷിത സ്മാരകങ്ങളുടെ എണ്ണം 3678 ആണ്. ഇതില്‍ 1665 എണ്ണത്തിന്റെ തല്‍സ്ഥിതി പരിശോധന വേണമെന്ന ആവശ്യം സിഎജി ഉന്നയിച്ചിരുന്നു. യുനെസ്‌കോ പട്ടികയില്‍ 40 പൈതൃക സ്മാരകങ്ങളുമായി ഇന്ത്യ ആറാം സ്ഥാനത്താണുള്ളത്.

കണ്ടെത്താനാകാത്ത 24 ചരിത്ര സ്മാരകങ്ങള്‍

സിഎജി റിപ്പോര്‍ട്ടില്‍ 92 സ്മാരകങ്ങള്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എഎസ്ഐ നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി ഭൗതികമായി നിലനില്‍ക്കുന്ന 42 എണ്ണം കണ്ടെത്തി, കൂടാതെ അതിവേഗം സംഭവിച്ച നഗരവല്കരണം ബാധിച്ച 14 സ്മാരകങ്ങളും നിലവില്‍ ഉള്ളതെങ്കിലും അണക്കെട്ടുകള്‍ക്കോ ജലസംഭരണികള്‍ക്കോ അടിയിലായ 12 സ്മാരകങ്ങളും കണ്ടെത്താനായി. ഇനിയും 24 എണ്ണം ഇനിയും കണ്ടെത്താനുണ്ട്. ഇവ എവിടെയെന്ന് കൃത്യമായി പരാമര്‍ശിക്കാതെയാണ് ദേശീയ സ്മാരകങ്ങളാക്കി വിജ്ഞാപനം പുറത്തിറങ്ങിയിട്ടുള്ളത്.

ഷേര്‍ ഷാ ചക്രവര്‍ത്തിയുടെ അസമിലെ തോക്കുകള്‍, അരുണാചലിലെ ചെമ്പ് ക്ഷേത്രം, ഹരിയാനയിലെ മുജേസറിലെയും ഷഹാബാദിലെയും കോസ് മിനാറുകള്‍, ഉത്തരാഖണ്ഡിലെ കുതുംബരി ക്ഷേത്രം, ഡല്‍ഹിയിലെ ബാര ഖംബാ ശ്മശാനം, മധ്യപ്രദേശിലെ ശിലാ ലിഖിതങ്ങള്‍, മഹാരാഷ്ട്രയിലെ യുറോപ്യന്‍ ശവകുടീരം, രാജസ്ഥാനിലെ കോട്ടയിലെ ലിഖിതങ്ങള്‍, 12-ാം നൂറ്റാണ്ടിലെ ക്ഷേത്രം, ഉത്തര്‍ പ്രദേശില്‍ എഡി 1000 കാലഘട്ടത്തിലെ മൂന്ന് ക്ഷേത്രങ്ങള്‍, ചന്ദൗലിയിലെ ശിലാ സ്മാരകങ്ങള്‍, വാരണാസിയിലെ ട്രഷറി കെട്ടിട ഫലകങ്ങള്‍, തേലിയ നാല ബുദ്ധിസ്റ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ശാസ്ത്രീയ ഉപകരണങ്ങളുടെയും ചരിത്ര രേഖകളുടെയും സഹായത്തോടെ ഇവയെ കണ്ടെത്താനുള്ള സാധ്യത ഇനിയുമുണ്ടെന്ന് എഎസ്ഐ പറയുന്നു.

Eng­lish Summary:All his­tor­i­cal mon­u­ments now belong to the pri­vate sector
You may also like this video

Exit mobile version