കാർഷിക പോരാട്ടങ്ങളുടെയും പ്രതിരോധത്തിന്റെയും ചെറുത്തുനിൽപ്പുകളുടെയും സ്മരണകളിരമ്പുന്ന നാഗപട്ടണത്ത് അഖിലേന്ത്യാ കിസാൻ സഭ 30ാം ദേശീയ സമ്മേളനത്തിന് കൊടി ഉയർന്നു. 27 വർഷങ്ങള്‍ കിസാൻ സഭയെ നയിച്ച, ജനറൽ സെക്രട്ടറിയായിരുന്ന അതുൽ കുമാർ അഞ്ജാന്റെ പേരിലെ നഗറിലാണ് (വിപിഎൻ റീജൻസി മഹൽ)സമ്മേളനം ചേരുന്നത്. ദേശീയ വൈസ് പ്രസിഡന്റും മുതിർന്ന നേതാവുമായ താരാസിങ് സിദ്ദു പതാക ഉയർത്തി. പ്രതിനിധി സമ്മേളനം കാർഷിക വികസന-കർഷക ക്ഷേമ വകുപ്പു മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
തമിഴ്‌നാട് കൃഷി മന്ത്രി എം ആർ കെ പനീർശെൽവം, സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, സിപിഐ (എം) പോളിറ്റ്ബ്യൂറോ അംഗവും കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ, സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്, സിപിഐ (എംഎൽ) കർഷക നേതാവ് രാജാറാം സിങ്, ബികെഎംയു ജനറൽ സെക്രട്ടറി പെരിയ സ്വാമി, എൻഎഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി നിഷാ സിദ്ദു, എഐവൈഎഫ് ജനറൽ സെക്രട്ടറി ആർ തിരുമലൈ, എഐഎസ്എഫ് ജനറൽ സെക്രട്ടറി ദിനേശ് ശ്രീരംഗരാജ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു. സാർവദേശീയ‑ദേശീയ കാർഷിക പ്രശ്നങ്ങൾ പ്രസിഡന്റ് രാജൻ ക്ഷീർസാഗറും സംഘടന റിപ്പോർട്ട് ജനറൽ സെക്രട്ടറി രാവുലവെങ്കയ്യയും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ സെൽവരാജ് എംപി സ്വാഗതം പറഞ്ഞു. സി പി ഷൈജന്‍ ലീഡറും ആർ സുഖലാല്‍ ഡെപ്യൂട്ടി ലീഡറുമായി കേരളത്തിൽ നിന്നും 99 പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം നാളെ സമാപിക്കും.

