രാജ്യത്തെ കർഷക സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് ഹൃസ്വകാല — ദീർഘകാല പരിഹാരം തേടി അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ് ) പ്രചരണ ‑പ്രക്ഷോഭ രംഗത്തേക്ക്. കർഷകരെ രക്ഷിക്കൂ കൃഷിയെ സംരക്ഷിക്കൂ എന്ന കേന്ദ്ര മുദ്രാവാക്യം ഉയർത്തിയാണ് പ്രചരണ ‑പ്രക്ഷോഭ പരിപാടികൾ. കർഷക രക്ഷായാത്ര എന്ന പേരിൽ സംസ്ഥാനത്ത് ഫെബ്രുവരി 10 മുതൽ 17 വരെ രണ്ട് പ്രചരണ ജാഥകൾ സംഘടിപ്പിക്കും. ജാഥകളുടെ സമാപനം കുറിച്ച് തൃശൂർ, തെക്കെ ഗോപുരനടയിൽ 17ന് കർഷക മഹാറാലി നടക്കും. കാർഷിക വിഷയങ്ങളിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ ക്ഷണിക്കാൻ ഫെബ്രുവരി 23 ന് രാജ്ഭവന് മുന്നിൽ കർഷക മഹാ സംഗമം സംഘടിപ്പിക്കും.
കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി നയിക്കുന്ന തെക്കൻ മേഖല കർഷക രക്ഷായാത്ര , ഫെബ്രുവരി പത്തിന് തിരുവനന്തപുരം, ഗാന്ധി പാർക്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉത്ഘാടനം ചെയ്യും. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ പി ജയൻ (വൈസ് ക്യാപ്റ്റൻ), മാത്യൂ വർഗ്ഗീസ് (ഡയറക്റ്റർ), ജോയ് കുട്ടി ജോസ്, ആർ ചന്ദ്രിക ടീച്ചർ, സെക്രട്ടറി ഇ എൻ ദാസപ്പൻ എന്നിവരാണ് ജാഥാംഗങ്ങൾ. പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ നയിക്കുന്ന വടക്കൻ മേഖല കർഷക രക്ഷായാത്ര ഫെബ്രുവരി 10ന് മഞ്ചേശ്വരത്ത് കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. സെക്രട്ടറിമാരായ എ പ്രദീപൻ (വൈസ് ക്യാപ്റ്റൻ), കെ വി വസന്ത് കുമാർ ( ഡയറക്റ്റർ), വൈസ് പ്രസിഡൻ്റുമാരായ ടി കെ രാജൻ മാസ്റ്റർ, ബങ്കളം കുഞ്ഞികൃഷ്ണൻ, ദീപ എസ് നായർ എന്നിവരാണ് ജാഥാംഗങ്ങൾ.
ജാഥകളുടെ സമാപനം കുറിച്ച് ഫെബ്രുവരി 17 ന് തൃശൂർ , തെക്കെ ഗോപുരനടയിൽ നടക്കുന്ന കർഷക മഹാറാലി അഖിലേന്ത്യാ കിസാൻ സഭ പ്രസിഡൻ്റ് രാവുല വെങ്കയ്യ ഉത്ഘാടനം ചെയ്യും. ഫെബ്രുവരി 23 ന് രാജ്ഭവന് മുന്നിൽ നടക്കുന്ന കർഷക മഹാ സംഗമം അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി അതുൽ കുമാർ അജ്ഞാൻ ഉത്ഘാടനം ചെയ്യും.
കേന്ദ്ര സർക്കാരിന്റെ കർഷക ദോഹ- വാഗ്ദാന ലംഘനം അവസാനിപ്പിക്കുക, കാർഷികോൽപ്പന്നങ്ങളുടെ താങ്ങ് വിലക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തുക, കേന്ദ്ര വൈദ്യുതി ബിൽ 2020- 21 പിൻവലിക്കുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയം ഉപേക്ഷിക്കുക, കർഷക ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, കർഷക പെൻഷൻ പദ്ധതി യാഥാർത്ഥ്യമാക്കുക, കർഷക കടാശ്വാസ കമ്മിഷന് ആവശ്യമായ ഫണ്ട് അനുവദിക്കുക, 2020 ഡിസംബർ 31 വരെയുള്ള കാർഷിക കടങ്ങൾ കടാശ്വാസത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുക, റബർ വിലസ്ഥിരത ഫണ്ടിൽ നിന്നുള്ള കുടിശിക ഉടൻ നൽകുക, വന്യമൃഗങ്ങളിൽ നിന്നും കൃഷിയെയും കർഷകരെയും സംരക്ഷിക്കുക,
ബഫർസോൺ വിഷയത്തിൽ ആശങ്ക പരിഹരിക്കുക, നെല്ലിന്റെ സംഭരണവില ഉയർത്തുക, സംഭരിച്ച നെല്ലിന്റെ കുടിശിക പണം ഉടൻ വിതരണം ചെയ്യുക ‚നാളികേര സംഭരണം കർഷകർക്ക് ഗുണം ചെയ്യുന്ന തരത്തിൽ ഫലപ്രദമാക്കുക, ക്ഷീരമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, കാലിത്തീറ്റയുടെ വില നിയന്ത്രിക്കുകയും ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കിസാൻ സഭ പ്രചരണ ‑പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നത്. കർഷക പ്രക്ഷോഭം വൻ വിജയമാക്കാൻ ശനിയാഴ്ച തിരുവനന്തപുരത്ത് കെ എ കേരളീയൻ സ്മാരകത്തിൽ ചേർന്ന കിസാൻ സഭ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം എല്ലാ വിഭാഗമാളുകളോടും അഭ്യർത്ഥിച്ചു.
English Summary: All India Kisan Sabha Farmers Maha Sangam
You may also like this video