Site iconSite icon Janayugom Online

ലഹരിക്കെതിരെ 17ന് സര്‍വകക്ഷി യോഗം

ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റെയും തായ‍്‍വേരറുത്ത് ഭാവിതലമുറയെ കൊടുംവിപത്തിൽ നിന്നും രക്ഷപ്പെടുത്താനുള്ള യജ്ഞം സംസ്ഥാന സർക്കാര്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി 16ന് വിവിധ മതമേലധ്യക്ഷന്മാരുടെയും 17ന് സർവകക്ഷി യോഗവും വിളിച്ചുചേർക്കും. ലഹരി സംഘത്തെ പിടികൂടാൻ എല്ലാ ജില്ലകളിലും പൊലീസ് സ്റ്റേഷൻ തലത്തിൽ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പുകൾ (എസ്ഒജി) രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി 4,469 സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സ്കൂൾ തലത്തിലും 1,776 ആന്റി നർകോട്ടിക് ക്ലബ്ബുകൾ കോളജ് തലത്തിലും രൂപീകരിച്ചു. 

പൊലീസിന്റെ പ്രത്യേക പരിശോധനയായ ഓപ്പറേഷൻ ഡിഹണ്ടിന് രഹസ്യ വിവരം നൽകുന്നതിനായി ഡ്രഗ് ഇന്റലിജൻസ് (ഡി ഇന്റ്) സംവിധാനം ആവിഷ്കരിച്ചു. ഇതുവഴി ഫെബ്രുവരി 22 മുതൽ ഈമാസം നാലുവരെ മാത്രം 2,503 സോഴ്സ് റിപ്പോർട്ടുകൾ ജില്ലാ പൊലീസ് മേധാവികൾക്ക് കൈമാറി. സ്ഥിരം മയക്കുമരുന്ന് വ്യാപാരം നടത്തി കേസുകളിൽപ്പെട്ടവരുടെ പ്രത്യേകപട്ടിക തയ്യാറാക്കി. 97 പേർക്കെതിരെ നടപടിയെടുത്തു. കേരളത്തിലെ കേസുകളുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ 94 പേരെ അറസ്റ്റ് ചെയ്തു. ആകെ 236.64 ഗ്രാം എംഡിഎംഎ, 562 കിലോ ഗ്രാം കഞ്ചാവ് ഉൾപ്പെടെ 34 കോടി രൂപയുടെ മയക്കുമരുന്നു പിടിച്ചെടുത്തു. 

Exit mobile version