നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിലൂടെയുള്ള വിവാഹം അസാധുവാണെന്ന് അലഹബാദ് ഹൈക്കോടതി. ദമ്പതികൾ പ്രത്യേക നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും ഉത്തരവിട്ടു. വിവാഹശേഷമുള്ള പരിവര്‍ത്തനം നിയമവിരുദ്ധമായതിനാല്‍ അത്തരത്തിലുള്ള ഒരു വിവാഹം താനേ അസാധുവാകുന്നതാണ്. തുടര്‍ന്ന് അത്തരത്തില്‍ വിവാഹം കഴിച്ച പുരുഷനെയോ സ്ത്രീയെയോ ഭാര്യാഭര്‍ത്താവായി കണക്കാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മുഹമ്മദ് ബിൻ കാസിം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. തന്റെ സമാധാനപരമായ ദാമ്പത്യ ജീവിതത്തിൽ ഇടപെടരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താൻ ഇവരോട് നിര്‍ദേശിക്കുകയായിരുന്നു.
ഖാസിം മുസ്ലീം സമുദായത്തിൽ പെട്ടയാളാണ് കാസിം. ഇയാള്‍ ചന്ദ്രകാന്ത എന്ന യുവതിയെ വിവാഹം കഴിക്കുകയും അവര്‍ ഇസ്ലാം മതം സ്വീകരിക്കുകയും ജൈനബ് പർവീൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഖാൻകാഹെ ആലിയ അരിഫിയ എന്ന സംഘടന മതപരിവര്‍ത്തന സര്‍ട്ടിഫികറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ സ്ഥാപനം നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അഡീഷണൽ ചീഫ് സ്റ്റാൻഡിങ് കൗൺസൽ ചൂണ്ടിക്കാട്ടി. കൂടാതെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടില്ലെന്ന് ജാമിയ ആരിഫിയയുടെ സെക്രട്ടറിയും മാനേജരുമായ സയ്യിദ് സരവാൻ കൗശാമ്പി അറിയിച്ചു. ഇക്കാരണത്താല്‍ കോടതി ഇവരോട് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

